കൈക്കൂലി വാങ്ങിയാല്‍ ' ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും; ബോധവത്കരണവുമായി സിവില്‍ ഡെത്ത് നാടകം

post

അഴിമതിരഹിത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ ചിന്മയ ഹാളില്‍ അവതരിപ്പിച്ച നാടകം 'സിവില്‍ ഡെത്ത്' നിറഞ്ഞ കൈയടികള്‍ ഏറ്റുവാങ്ങി. കൈക്കൂലി വാങ്ങവേ വിജിലന്‍സ് പിടികൂടിയ സര്‍ക്കാര്‍ ജീവനക്കാരന്റെ കുടുംബത്തിനുണ്ടാകുന്ന ദുരന്തമാണ് നാടകത്തിലെ പ്രമേയം. എ.ഡി.എം എ.കെ രമേന്ദ്രന്‍ നാടകം ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി കെ.വി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.

കൈക്കൂലി ശീലമാക്കിയിരുന്ന വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ പ്രേരണയാല്‍ കൈക്കൂലി വാങ്ങിയ മകളുടെ ഭര്‍ത്താവിനെ വിജിലന്‍സ് പിടികൂടിയതിനുശേഷം അവര്‍ക്ക് സമൂഹത്തില്‍ ഉള്ള സ്ഥാനം എന്തെന്ന് നാടകം വ്യക്തമാക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റേതാണ് ആശയം. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നയാണ് നാടകത്തിലെ അഭിനേതാക്കള്‍. വിജിലന്‍സ് ഉദ്യോഗസ്ഥരായ ഷറഫുദ്ദീന്‍, നുജുമുദ്ധീന്‍, ദീപക് ജോര്‍ജ്, ആര്യ ദേവി, സിബി പോള്‍, ജയകുമാര്‍, ഗിരീഷ് കുമാര്‍, ഷീബ കുമാരി, ഹരികൃഷ്ണന്‍, ശ്രീജിത്ത് എന്നിവരാണ് രംഗത്തെത്തിയത്.

കൈക്കൂലി നേരിട്ട് വാങ്ങുന്നതിനുപകരം നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന അഴിമതികള്‍ പിടികൂടാന്‍ വിജിലന്‍സ് ഉപയോഗിക്കുന്ന തന്ത്രങ്ങളും നാടകത്തില്‍ അവതരിപ്പിച്ചു. എ.എസ്.ഐ വി.ടി സുഭാഷ് ചന്ദ്രന്‍ സ്വാഗതവും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.രാജീവന്‍ നന്ദിയും പറഞ്ഞു. കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചിന്മയ വിദ്യാലയത്തിലെ കുട്ടികളും കാണികളായി.