ജില്ലയിലെ ആദ്യ ദുരിതാശ്വാസ കേന്ദ്രത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

post

ആലപ്പുഴ: പ്രകൃതിക്ഷോഭത്തില്‍പ്പെടുന്നവര്‍ക്കായി മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ ഒരുക്കുന്ന സ്ഥിരം ദുരിതാശ്വാസ കേന്ദ്രത്തിന്റെ നിര്‍മാണം അന്തിമ ഘട്ടത്തില്‍. ശേഷിക്കുന്ന ജോലികള്‍ കൂടി പൂര്‍ത്തിയാക്കി ഏപ്രിലില്‍ ഉദ്ഘാടനം നടത്തി പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ലോക ബാങ്കിന്റെ സഹായത്തോടെ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ ജില്ലയിലെ ആദ്യത്തെ സൈക്ലോണ്‍ ഷെല്‍ട്ടറാണ് മാരാരിക്കുളത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. തീരപ്രദേശത്ത് നിന്നും 10 കിലോമീറ്ററിനുള്ളില്‍ സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും പെയിന്റിംഗ് ഉപ്പെടെയുള്ള അവസാനവട്ട ജോലികള്‍ തീര്‍ത്തു ഏപ്രിലില്‍ കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. പ്രിയേഷ്‌കുമാര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ രമണന്‍ എന്നിവര്‍ പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളില്‍പ്പെടുന്നവര്‍ക്ക് താമസിക്കുന്നതിനുള്ള സ്ഥിരം സംവിധാനമാണ് ഇവിടെ ഒരുങ്ങുന്നത്. മൂന്നു നിലകളുള്ള കെട്ടിടത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക താമസ സൗകര്യം, ശുചിമുറികള്‍, പൊതു അടുക്കള, കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും ഒരുക്കും. ജില്ല കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ദുരിതാശ്വാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിസന്റ് അഡ്വ. ഡി. പ്രിയേഷ് കുമാര്‍ ചെയര്‍മാനായും പഞ്ചായത്ത് സെക്രട്ടറി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വില്ലേജ് ഓഫീസര്‍ കണ്‍വീനറായും പഞ്ചായത്ത് അംഗങ്ങള്‍, പോലീസ്, ഫിഷറീസ്, ഫയര്‍, ഇറിഗേഷന്‍ തുടങ്ങിയ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്.
ദുരന്തകാലത്ത് ആയിരത്തോളം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കും. പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലാണ് കെട്ടിടത്തിന്റെ പരിപാലനം. ദുരന്തകാലഘട്ടമല്ലാത്ത സാഹചര്യങ്ങളില്‍ കെട്ടിടം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കും. കുടുംബശ്രീയാണ് കെട്ടിടത്തിന്റെ കെയര്‍ ടേക്കര്‍.പദ്ധതിയുടെ ഭാഗമായി പ്രദേശവാസികള്‍ക്ക് പരിശീലനം നല്‍കി നാല് തരം എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനം പഞ്ചായത്ത് തലത്തില്‍ നടന്നുവരികയാണ്. ഷെല്‍റ്റര്‍ മാനേജ്‌മെന്റ്, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും, പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ് എന്നിങ്ങനെ നാല് സംഘങ്ങളെയാണ് പരിശീലിപ്പിക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ സേന, അഗ്‌നി രക്ഷാ സേന എന്നിവരാണ് പരിശീലനം നല്‍കുന്നത്. 3,53,88,736 രൂപയാണ് നിര്‍മാണച്ചെലവ്.