സ്മാർട്ടായി ചീക്കോട് വില്ലേജ് ഓഫീസും

post

സംസ്ഥാനത്ത് സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തിയവയുടെ കൂട്ടത്തിൽ ചീക്കോട് വില്ലേജ് ഓഫീസും ഉൾപ്പെടുത്തി ഉത്തരവ് ഇറങ്ങിയതായി ടി.വി. ഇബ്രാഹീം എം.എൽ.എ അറിയിച്ചു. പുതുതായി 12 വില്ലേജ് ഓഫീസുകളെയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പദവിയിലേക്ക് ഉയർത്തുന്നത്. ഇതോടുകൂടി പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ വേഗത്തിൽ ലഭിക്കുന്നതിനും വില്ലേജിന്റെ പശ്ചാത്തല സൗകര്യം വർധിപ്പിക്കുന്നതിനും ആവശ്യമായ ഫണ്ട് ലഭ്യമാകും.

2022 -23 പ്ലാൻ ഫണ്ടിൽ റവന്യൂ ഓഫീസുകളുടെ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പണിയുന്നത്. ചീക്കോട് വില്ലേജ് ഓഫീസ് പുനരുദ്ധികരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 20 ന് നിയമസഭയിൽ ടി.വി ഇബ്രാഹിം എം.എൽ.എ ചോദ്യം ഉന്നയിക്കുകയും 2022- 23 പദ്ധതിയിൽ ഉൾപ്പെടുത്തി പരിഗണിക്കുന്നതാണെന്ന് റവന്യൂ മന്ത്രി കെ.രാജൻ നിയമസഭയെ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് മന്ത്രിക്ക് നിവേദനവും സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോൾ ഉത്തരവായിട്ടുള്ളതെന്ന് എം.എൽ.എ അറിയിച്ചു. സംസ്ഥാനത്ത് പുതിയതായി സ്മാർട്ടാക്കുന്ന 12 വില്ലേജ് ഓഫീസുകളിൽ ജില്ലയിൽ നിന്നും ചീക്കോടിന് പുറമെ പെരുവള്ളൂരും പെരുമ്പടപ്പും ഉൾപ്പെട്ടിട്ടുണ്ട്.