ചാംപ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ക്കൊരുങ്ങി മറൈന്‍ ഡ്രൈവ്‌

post

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) മത്സരത്തിന് എറണാകുളം മറൈന്‍ഡ്രൈവ്  സജ്ജമായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ.പി.എല്‍) ക്രിക്കറ്റിന്റെ മാതൃകയില്‍ സംഘടിപ്പിക്കുന്ന സി.ബി.എല്ലിലെ അഞ്ചാം മത്സരത്തിനാണ് ഒക്‌ടോബര്‍ 8 ന്‌ മറൈന്‍ ഡ്രൈവ് വേദിയാകുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ടി.ജെ വിനോദ് എംഎല്‍എ പറഞ്ഞു.

സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചെറുവള്ളങ്ങളുടെ പ്രാദേശിക വള്ളംകളി മത്സരവും നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങളും ബാന്റ് മേളവും വിവിധ കലാവിരുന്നും ഇതോടൊപ്പം നടത്തും. 2019ലെ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ആദ്യ സ്ഥാനത്ത് എത്തിയ ഒന്‍പത് ചുണ്ടന്‍ വളളങ്ങളാണ് ഇത്തവണത്തെ സി.ബി.എല്ലിലെ മത്സരാര്‍ത്ഥികള്‍. ഉദ്ഘാടനത്തോടനുബന്ധിച്ച് നാവിക സേനയുടെ ബാന്റ് മേളത്തിന്റെയും കൊച്ചി കായലില്‍ അണിനിരക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ മാസ് ഡ്രില്ലിന്റെയും അകമ്പടിയോടെയാണു മത്സരത്തിനു തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് ഇരുട്ടുകുത്തി വള്ളങ്ങളുടെയും ചുണ്ടന്‍ വള്ളങ്ങളുടെയും ഹീറ്റ്‌സും ഫൈനലുകളും നടത്തും.

മത്സരത്തിന്റെ ഇടവേളകളിലാണ് നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) സംഘടിപ്പിക്കുന്ന 75 കലാകാരന്മാര്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും നടക്കുക. കൊച്ചി നിവാസികള്‍ക്കും ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കും പുറമെ വള്ളംകളി കാണുന്നതിനായി കൂടുതല്‍ വിദേശ വിനോദ സഞ്ചാരികളും ഇക്കുറി നഗരത്തിലെത്തിയിട്ടുണ്ട്.

എറണാകുളത്തെ അബാദ് ഫ്‌ളാറ്റിന് സമീപത്തെ ഫിഷറീസ് ഓഫീസിന് മുന്‍പില്‍ നിന്ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഫിനിഷിംഗ് പോയിന്റ് മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിന് സമീപമാണ്. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്ക് വെള്ളിയാഴ്ചയോടെ പൂര്‍ത്തിയാകും. മതിയായ ആഴമില്ലാത്ത ഭാഗങ്ങളില്‍ ഇതിനായി ഡ്രഡ്ജിംഗ് നടത്തിയിരുന്നു.

ക്രമാസമാധാന പാലനം, സുരക്ഷാ ചുമതല എന്നിവ പൊലീസും അഗ്‌നിരക്ഷാസേനയും ഏകോപിപ്പിച്ചാണു നിര്‍വഹിക്കുന്നത്. സുരക്ഷയ്ക്കായി സ്പീഡ് ബോട്ടുകളെയും റബര്‍ ബോട്ടുകളെയും പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ നാവിക സേനയും സഹായം നല്‍കും. വൈദ്യ സഹായത്തിനായി ആരോഗ്യ വകുപ്പ് ഐ.സി.യു ആംബുലന്‍സ് സംവിധാനം ഒരുക്കിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. മത്സരശേഷം മറൈന്‍ ഡ്രൈവ് വൃത്തിയാക്കുന്നതിനായി ശുചിത്വമിഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


cbl