ലഹരിക്കെതിരെ യോദ്ധാവ്: പീരുമേട്ടിൽ ബഹുജന റാലിയും ലഹരിവിമുക്ത പ്രതിജ്ഞയും

post

വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ കേരളാ പോലീസ് നടപ്പാക്കുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി പീരുമേട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ബഹുജന റാലിയും ലഹരിവിമുക്ത പ്രതിജ്ഞയും നടന്നു. യുവതലമുറയുടെ ഇടയിൽ ലഹരിവസ്തുക്കളുടെ വർധിച്ച ഉപയോഗം സമീപനാളുകളിൽ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. വർധിച്ചുവരുന്ന മദ്യം-മയക്കുമരുന്ന് ഉപയോഗം, വിൽപന, കടത്ത് എന്നിവക്കെതിരെ ജാഗ്രത പുലർത്തേണ്ട ആവശ്യകത മനസിലാക്കിയാണ് സംസ്ഥാന പോലീസ് വകുപ്പ് യോദ്ധാവ് പദ്ധതി ആവിഷ്‌കരിച്ചത്.

പദ്ധതിയുടെ ഭാഗമായി പീരുമേട് പൊലിസ് സബ് ഡിവിഷന്റെ കീഴിൽ കുട്ടിക്കാനത്തു ബഹുജനറാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. ബഹുജനറാലി പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കുര്യാക്കോസ്. ജെ ഫ്‌ളാഗ് ഓഫ് ചെയ്തു. മരിയൻ കോളേജ് പ്രിൻസിപ്പാൾ ഡോ. അജിമോൻ ജോർജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, മരിയൻ കോളേജ് കുട്ടിക്കാനം, ഐ.എച്ച്.ആർ.ഡി കോളേജ് പീരുമേട് , മരിയഗിരി സ്‌കൂൾ, സെന്റ് പയസ് സ്‌കൂൾ, ഐ.എച്ച്.ആർ.ഡി സ്‌കൂൾ എന്നിവിടങ്ങളിലെ അധ്യാപകരും പൊതുജനങ്ങളുമടക്കം 1500 ഓളം പേർ പങ്കെടുത്തു.

പാമ്പനാർ ടൗണിൽ പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കുര്യാക്കോസ്. ജെ യുടെ നേതൃത്വത്തിൽ ബഹുജന റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.സി മാത്യു ബഹുജനറാലി ഫ്ളാഗ് ഓഫ് ചെയ്തു, പീരുമേട് പോലീസ് ഇൻസ്‌പെക്ടർ രജീഷ് കുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പീരുമേട് അയ്യപ്പ കോളേജ്, എസ്.എൻ കോളേജ് പീരുമേട്, പാമ്പനാർ ഗവ. സ്‌കൂൾ, ഓട്ടോ- ടാക്സി ഡ്രൈവർമാർ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരടക്കം 750 പേരിലധികം പങ്കെടുത്തു. അയ്യപ്പ കോളജ്, എസ്.എ കോളജ് വിദ്യാർത്ഥികൾ ടൗണിൽ ഫ്‌ളാഷ് മോബും നടത്തി.

വണ്ടിപ്പെരിയാർ പോലീസിന്റെ നേതൃത്വത്തിൽ വിവിധ സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ പങ്കെടുപ്പിച്ചു കൊണ്ട് ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു. മ്ലാമല ഫാത്തിമ മാതാ ഹൈസ്‌കൂൾ, പഞ്ചായത്ത് ഹയർസെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലെ എസ്.പി.സി കേഡറ്റുകളെ പങ്കെടുപ്പിച്ച് വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ നിന്നുമാരംഭിച്ച ലഹരിവിരുദ്ധ ബോധവത്ക്കരണ റാലി സർക്കിൾ ഇൻസ്പെക്ടർ ഫിലിപ്പ് സാം ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി വണ്ടിപ്പെരിയാർ ടൗൺ ചുറ്റി തിരികെ പോലീസ് സ്റ്റേഷനിൽ സമാപിച്ചു. കേഡറ്റുകൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശം നൽകി. ഒപ്പം പോലീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരണങ്ങൾ നൽകുകയും പോലീസ് ഉപയോഗിക്കുന്ന ആയുധങ്ങൾ,വയർലസ് സംവിധാനം, മറ്റ് ഉപകരണങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.