ഭിന്നശേഷിക്കാർക്ക് കൊണ്ടോട്ടിയിൽ തൊഴിൽ മേള സംഘടിപ്പിച്ചു

post

കൊണ്ടോട്ടിയിൽ ടി.വി. ഇബ്രാഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽമേള സംഘടിപ്പിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി മേള ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിൽ ഭിന്നശേഷിക്കാർ അവരിൽ ഏല്പിച്ച ദൗത്യം നന്നായി നിർവഹിക്കുന്നതാണ് അനുഭവത്തിൽ നിന്നും മനസിലാകുന്നതെന്നും അവർക്കും അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ സർക്കാരിനും സമൂഹത്തിനും ബാധ്യതയുണ്ടെന്നും എം.പി പറഞ്ഞു.

250 ഉദ്യോഗാർത്ഥികളും 30ൽ കൂടുതൽ സംരംഭകരും പങ്കെടുത്ത തൊഴിൽമേളയിൽ 25 പേർക്ക് തൊഴിൽ ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചു. ബാക്കിയുള്ളവർക്കും വൈകാതെ അവസരം ലഭിക്കുമെന്ന് എം.എൽഎ അറിയിച്ചു. പി.എസ്.സി.പരീക്ഷ അടക്കമുള്ള പരീക്ഷകളിലും മറ്റും ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുന്നതിനും തൊഴിൽ നൈപുണ്യം നേടാൻ സഹായിക്കുന്നതിനും മറ്റ് സർക്കാർ ഏജൻസികളുടെ സഹായവും ലഭ്യമാക്കും. വൈദ്യർ സ്മാരകത്തിൽ ഭിന്നശേഷി കലാകാരൻമാരെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പ്രൊജക്ട് തയ്യാറാക്കുമെന്നും അക്കാദമി ചെയർമാൻ അറിയിച്ചു.