വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം: മൂന്നാം റീച്ചിന്റെ 11(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു

post

വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ മൂന്നാം റീച്ചിലേയ്ക്കാവാശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11 (1) നോട്ടീഫിക്കേഷൻ പ്രസിദ്ധീകരിച്ചതായി വി.കെ പ്രശാന്ത് എം.എൽ.എ അറിയിച്ചു. മണ്ണറക്കോണം മുക്കോല വഴയില റോഡാണ് മൂന്നാം റിച്ചിൽ ഉൾപ്പെടുന്നത്. തിരുവനന്തപുരം താലൂക്കിലെ പേരൂർക്കട വില്ലേജിൽ നിന്നുള്ള 97.71 ആർ ഭൂമിയാണ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

വിജ്ഞാപനം സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉള്ളവർ 15 ദിവസത്തിനുള്ളിൽ തിരുവനന്തപുരം കിഫ്ബി യൂണിറ്റ് ഒന്നിലെ എൽ.എ സ്പെഷൽ തഹസിൽദാരെ രേഖാമൂലം അറിയിക്കണമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് www.trivandrum nic in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഒന്നാം റീച്ചിന്റെ 19(1) നോട്ടീഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. രണ്ടാം റീച്ചിന്റെ സർവ്വേ നടപടികൾ പുരോഗമിക്കുന്നു. ശാസ്തമംഗലം മുതൽ മണ്ണറക്കോണം വരെയാണ് ഒന്നാം റീച്ച് മണ്ണക്കോണം പേരൂർക്കടയാണ് രണ്ടാം റീച്ച്.

കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി രണ്ട് ഭാഗങ്ങളായാണ് നടപ്പിലാക്കുന്നത്. വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയായും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതിയായുമാണ് നടപ്പാക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡും ട്രീഡയുമാണ് എസ്.പി.വികൾ. ശാസ്തമംഗലം വട്ടിയൂർക്കാവ്- പേരൂർക്കട റോഡ് 3 റീച്ചുകളിലായി 10.75 കിലോമീറ്റർ ദൂരം 18.5 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനും റോഡ് വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും ചേർത്തുള്ള സമഗ്ര പദ്ധതിയാണിത്. വികസനത്തിന്റെ ഭാഗമായി 570 ൽ പരം വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ 200 ഓളം വ്യാപാര സ്ഥാപനങ്ങൾക്ക് പുനരധിവാസം ഒരുക്കേണ്ടിവരും. ഇതിലേക്കായി രണ്ടേകാൽ ഏക്കറോളം വസ്തുവാണ് ഏറ്റെടുക്കുന്നത്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനുള്ള വസ്തു ഏറ്റെടുക്കുന്നതിനായി 95 കോടി രൂപയും റോഡ് നിർമ്മാണ പ്രവൃത്തികൾക്കായി 29.75 കോടി രൂപയും കെ.ആർ.എഫ്.ബി അനുവദിച്ചിട്ടുണ്ട്. പുനരധിവാസത്തിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി ട്രിഡയ്ക്ക് 27.04 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആകെ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത് 341.79 കോടി രൂപയാണ്.

പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള പുനരധിവാസ പുനസ്ഥാപന പാക്കേജ് സംബന്ധിച്ച പബ്ലിക്ക് ഹിയറിംഗ് ഒക്ടോബർ 25 രാവിലെ 10 മണിക്ക് വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ സ്മാരക ഗ്രന്ഥശാലയിൽ വച്ച് നടത്തും. പുനരധിവാസ പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കുന്നതിലേക്ക് ട്രിഡ താൽപര്യപത്രം ക്ഷണിച്ചതിൽ ആറ് സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഇവർ സമർപ്പിച്ച രേഖകളുടെ പ്രാഥമിക പരിശോധന പൂർത്തിയായി. ഒക്ടോബർ മാസം അവസാനം അന്തിമ പരിശോധന നടത്തി ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള ഏജൻസിയെ തെരഞ്ഞെടുക്കുമെന്നും അറിയിപ്പിൽ പറയുന്നു.