രാജ്യാന്തര അംഗീകാരത്തിന്റെ നിറവിൽ വീണ്ടും കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ച്

post

ഗ്രീൻ ഡെസ്റ്റിനേഷൻ അവാർഡ് ഏറ്റുവാങ്ങി

വീണ്ടും രാജ്യാന്തര അംഗീകാരത്തിനർഹമായി കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ച്. ഗ്രീസിലെ ഏഥൻസിലെ "ഫ്യൂച്ചർ ഓഫ് ടൂറിസം സമ്മിറ്റിൽ" ഈ വർഷം ലോകത്തെ മികച്ച സുസ്ഥിര മാതൃകകൾ കാഴ്ചവെച്ച നൂറു വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലാണ് കാപ്പാട് ഇടം പിടിച്ചത്.

കാപ്പാട് ബീച്ചിനുള്ള ഗ്രീൻ ഡെസ്റ്റിനേഷൻ അവാർഡ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ ഗ്രീൻ ഡെസ്റ്റിനേഷന്റെ റീജ്യണൽ കോർഡിനേറ്റർ മഹാദേവനിൽ നിന്ന് കോഴിക്കോട് ജില്ലാ ഡി.ടി.പി.സി ഏറ്റുവാങ്ങി.

ബീച്ച് ടൂറിസത്തിന് ഏറെ സാധ്യതയുള്ള ജില്ലയാണ് കോഴിക്കോടെന്ന് അവാർഡ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ബീച്ച് ടൂറിസത്തിന്റെ ഭാ​ഗമായി വാട്ടർ സ്പോർട്സ് ഇനങ്ങളുടെ സാധ്യതകളെ കൂടി ഉപയോ​ഗപ്പെടുത്തി മുന്നോട്ട് പോകാൻ സാധിക്കണം. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനാവശ്യമായ പദ്ധതികൾ ഡി.ടി.പി.സി തയ്യാറാക്കുന്നുണ്ട്. അതിന് പൂർണ്ണ പിന്തുണ സർക്കാരിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

നെതർലൻഡ്സ് ആസ്ഥാനമായ ആഗോള ടൂറിസം കേന്ദ്രങ്ങളുടെ സർട്ടിഫിക്കേഷൻ കൗൺസിലായ ഗ്രീൻ ഡെസ്റ്റിനേഷൻസാണ് അവാർഡ് പ്രഖ്യാപിച്ചത്. മൂന്ന് വർഷമായി സംസ്ഥാനത്തെ ഏക ബ്ലൂഫ്ലാഗ് ബീച്ചായ കാപ്പാടിന് പരിസ്ഥിതി സൗഹൃദപരമായ വികസനത്തിനാണ് അംഗീകാരം ലഭിച്ചത്. സൗരോർജ്ജത്തിന്റെ വിനിയോഗം, മാലിന്യസംസ്കരണം, തദ്ദേശീയ ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം എന്നിവയിലൂന്നിയ പ്രവർത്തനമാണ് കാപ്പാടിനെ അംഗീകാരത്തിന് അർഹമാക്കിയത്.

കാപ്പാടിന് പുറമെ രാജ്യത്ത് നിന്ന് പട്ടികയിൽ ഇടം നേടിയത് പൈതൃകസംരക്ഷണ വിഭാഗത്തിൽ തമിഴ്നാട്ടിലെ പ്രാചീന ക്ഷേത്രസമുച്ചയമായ ശ്രീരംഗമാണ്. അംഗീകാരം ലഭിച്ച വിനോദസഞ്ചാരകേന്ദ്രങ്ങൾ അടുത്ത വർഷം ജർമനിയിലെ ബെർലിനിൽ ഐ.ടി.ബി ട്രാവൽ മാർട്ട് അവാർഡുകൾക്കുള്ള നാമനിർദേശത്തിനും അർഹത നേടി.