വാഴൂരിൽ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി

post

വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിക്ക് കങ്ങഴയിൽ തുടക്കം. പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം വാഴൂർ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി നിർവഹിച്ചു. വിഷരഹിതവും പോഷകപ്രദവുമായ പച്ചക്കറികൾ വീടുകളുടെ അടുക്കളത്തോട്ടത്തിൽ ഉൽപാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അഞ്ചുതരം പച്ചക്കറി വിത്തുകൾ കുടുംബശ്രീ അംഗങ്ങളായ 50 വനിതകൾക്ക് വിതരണം ചെയ്തു. തക്കാളി, വെണ്ട, മുളക്, ചീര, വഴുതന എന്നിവയാണ് വിതരണം ചെയ്യുന്നത്.

വാഴൂർ ബ്ലോക്ക് പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്ത്വാർഡുകളിലും 50 വീതം വനിതകൾക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 4750 കുടുംബശ്രീ അംഗങ്ങളുടെ കുടുംങ്ങൾക്ക് ഇതിന്റെ ഭാഗമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്യും. കങ്ങഴ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കാർഷിക നഴ്സറിയിലാണ് 25 രൂപ നിരക്കിൽ വിത്തുകൾ ഉൽപാദിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായാണ് തദ്ദേശ സ്ഥാപനങ്ങളുടേയും കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിൽ സംസ്ഥാനം ഒട്ടാകെ പച്ചക്കറി വിത്ത് വിതരണം നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ചേർന്ന് ഫലവൃക്ഷതൈയും നട്ടു.