കരം പിടിക്കാം കൈകോര്‍ക്കാം കരുതലായി വയോജന ക്ഷേമ പദ്ധതികള്‍

post

ജീവിതത്തിന്റെ നല്ലൊരുഭാഗം കുടുംബത്തിനും സമൂഹത്തിനും വേണ്ടി വിയര്‍പ്പൊഴുക്കിയവരാണ് വയോജനങ്ങള്‍. പരിചരണവും കരുതലും ആഗ്രഹിക്കുന്ന ഘട്ടത്തില്‍ താങ്ങായി നില്‍ക്കേണ്ടത് സമൂഹ്യ ഉത്തരവാദിത്തവു മാണ്. മുതിര്‍ന്ന പൗരന്‍മാരുടെ അവകാശ സംരക്ഷണത്തിനായുള്ള നിരവധി പ്രവര്‍ത്തനങ്ങളും പദ്ധതികളും സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്നു.


വിളിക്കാം എല്‍ഡര്‍ ലൈനിലേക്ക്

സംസ്ഥാന സര്‍ക്കാരിന്റെ വയോജന സൗഹൃദ നയത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് വയോജനങ്ങള്‍ക്കായി ആരംഭിച്ച പദ്ധതിയാണ് എല്‍ഡര്‍ ലൈന്‍. മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും കോവിഡ് കാലഘട്ടത്തില്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും ടോള്‍ഫ്രീ നമ്പറായ 14567 ഉപയോഗപ്പെടുത്താം.


സായംപ്രഭ ഹോം

മുതിര്‍ന്ന പൗരന്മാര്‍ വീടുകളില്‍ അനുഭവിക്കുന്ന ഒറ്റപ്പെടലുകള്‍ ഒഴിവാക്കുക, പോഷകാഹാരം ഉറപ്പാക്കുക, മാനസികോല്ലാസ പരിപാടികളില്‍ പങ്കാളികളാകുക, കൗണ്‍സിലിംഗ് സേവനം ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെ പകല്‍ പരിപാലന കേന്ദ്രങ്ങള്‍ ഒരുക്കുന്ന പദ്ധതിയാണ് സായംപ്രഭ ഹോം.60 കഴിഞ്ഞ പൗരന്മാര്‍ക്കാണ് സായംപ്രഭ ഹോമിലൂടെ സേവനം നല്‍കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെട്ടെ ഗുണഭോക്താക്കള്‍ക്ക് കൃത്യമായ കാലയളവില്‍ മെഡിക്കല്‍ പരിശോധനയും ലഭ്യമാക്കുന്നുണ്ട്.


വയോരക്ഷ പദ്ധതി

സാമൂഹിക സാമ്പത്തിക ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് വയോരക്ഷ പദ്ധതി. ബി.പി.എല്‍ കുടുംബത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ കോവിഡുമായി ബന്ധപ്പെട്ടുള്ള ചികിത്സ, ആംബുലന്‍സ് സേവനം, പുനരുധിവാസം എന്നിവയ്ക്ക് ഈ പദ്ധതി വഴി ധനസഹായം ലഭിക്കും. അപേക്ഷകര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.


മന്ദഹാസം പദ്ധതി

ദാരിദ്ര്യരേഖക്ക് താഴെയുള്ള അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യമായി കൃത്രിമ ദന്തനിര വച്ചു കൊടുക്കുന്ന പദ്ധതിയാണ് മന്ദഹാസം. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 60 വയസ്സ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ സേവനം ലഭിക്കും. പല്ലുകള്‍ പൂര്‍ണമായ നഷ്ടപ്പെട്ടവരും ഭാഗികമായ നഷ്ടപ്പെട്ട് പറിച്ചു നീക്കേണ്ട അവസ്ഥയില്‍ ഉള്ളവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. അപേക്ഷകരില്‍ ഏറ്റവും പ്രായം കൂടിയവര്‍ക്ക് ആയിരിക്കും മുന്‍ഗണന.


വയോമധുരം

വയോജനങ്ങള്‍ക്ക് ആരോഗ്യപരിപാലനത്തിനായി ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന പദ്ധതിയാണ് വയോ മധുരം. അപേക്ഷകന്‍ /അപേക്ഷക പ്രമേഹ രോഗിയാണെന്ന് അംഗീകൃത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. 60 വയസ്സ് കഴിഞ്ഞ ബിപിഎല്‍ വരുമാന പരിധിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.


വയോ അമൃതം പദ്ധതി

സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലെ താമസക്കാരുടെ ആരോഗ്യ പരിരക്ഷയ്ക്കായി ഭാരതീയ ചികിത്സാ വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് വയോ അമൃതം പദ്ധതി. സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വൃദ്ധസദനങ്ങളിലെ രോഗാതുരരായ താമസക്കാരുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനും അവരുടെ മാനസിക ശാരീരിക സാമൂഹിക പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഈ പദ്ധതി മുഖേന സാധ്യമാകും.