അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

post

അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്നവർക്ക് ധനസഹായം നൽകുന്നതിനുള്ള അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന അഭയകിരണം പദ്ധതിയുടെ 2022 - 2023 വർഷത്തെ ധനസഹായത്തിന് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 50 വയസിനു മുകളിൽ പ്രായമുള്ളവരും പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തവരും ഏതെങ്കിലും ബന്ധുവിന്റെ സംരക്ഷണയിൽ കഴിയുന്നവരായ വിധവകളായ സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണിത്.

വിധവകളുടെ വാർഷികവരുമാനം ഒരുലക്ഷത്തിൽ കവിയരുത്. സംരക്ഷണം നൽകുന്ന ബന്ധുവിന്റെയും സ്ത്രീയുടെയും പേരിൽ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അതാത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസുമായോ അങ്കണവാടി വർക്കറുമായോ ബന്ധപ്പെടാം. അപേക്ഷസമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 20.