എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകള്‍ക്കായുള്ള സുരക്ഷിത താമസ കേന്ദ്രങ്ങള്‍; കാക്കനാട് എന്റെ കൂട് പ്രവര്‍ത്തനമാരംഭിച്ചു

post

കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്കായുള്ള സുരക്ഷിത താമസ കേന്ദ്രങ്ങളൊരുക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ കാരണങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തും നഗരത്തിലുമെത്തി രാത്രി വൈകി തിരിച്ചു പോകാന്‍ സാധിക്കാത്തവര്‍ക്കായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആരംഭിക്കുന്ന എന്റെ കൂട് താമസകേന്ദ്രത്തിന്റെ ഉദ്ഘാടനം കാക്കനാട് ഐ.എം.ജി ജംങ്ഷനു സമീപമുള്ള എന്റെ കൂട് കേന്ദ്രത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വനിതാ ശിശു വികസന കോര്‍പ്പറേഷന്റെ ഹോസ്റ്റലുകളിലും ഇത്തരം താത്കാലിക താമസ സൗകര്യമൊരുക്കുന്നുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുള്‍പ്പടെയുള്ള ഇവിടെ താമസിക്കാം. അത്തരം ഹോസ്റ്റലുകളിലും നിശ്ചിത എണ്ണം സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള താത്കാലിക താമസ സൗകര്യങ്ങളുണ്ട്. സ്ത്രീകള്‍ക്കായുള്ള എന്റെ കൂട് സുരക്ഷിത താമസ കേന്ദ്രങ്ങളിലേക്കും വനിതാ വികസന കോര്‍പ്പറേഷന്റെ ഹോസ്റ്റലുകളിലേക്കും സ്ത്രീകള്‍ക്ക് സുരക്ഷിതമായി എത്തപ്പെടുന്നതിന് സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സികളെയും പദ്ധതിയുമായി ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ സംസ്ഥാനത്ത് 133 ബെഡുകളാണുള്ളത്. ഹോസ്റ്റലുകളില്ലാത്ത സ്ഥലങ്ങളിലും സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഹോസ്റ്റലുകള്‍ സ്ഥാപിക്കും. അടുത്ത മാസം വനിതാ വികസന കോര്‍പ്പറേഷന്റെ 100 ബെഡുള്ള ഹോസ്റ്റല്‍ കാക്കനാട് പ്രവര്‍ത്തനമാരംഭിക്കും.

ഹോസ്റ്റലുകളുടെ പ്രവര്‍ത്തനത്തിനായി മൊബൈല്‍ ആപ്പ് തയാറാക്കിയതായി മന്ത്രി അറിയിച്ചു. ഓരോ സ്ഥലത്തെയും ഹോസ്റ്റലുകളുടെ വിവരങ്ങള്‍ ആപ്പില്‍ നിന്ന് മനസിലാക്കാം. താമസത്തിന് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം. എന്റെ കൂട് പദ്ധതിയെയും ആപ്പില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ആപ്പില്‍ നോക്കി ബെഡിന്റെ ലഭ്യത, സൗകര്യങ്ങള്‍ തുടങ്ങിയവ മനസിലാക്കാം.

സ്ത്രീ ക്ഷേമം ലക്ഷ്യമിട്ടുള്ള തുടര്‍പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. നവകേരളം സ്ത്രീപക്ഷ കേരളമാണ്. സ്ത്രീപക്ഷ കേരളത്തിനു വേണ്ടി സ്ത്രീ ശാക്തീകരണവും സ്ത്രീ ക്ഷേമവും ഉറപ്പാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇതു സാധ്യമാക്കാനാകും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ശക്തമായി ഇടപെടുന്നതിനായി സ്‌കില്ലിംഗ്, റീസ്‌കില്ലിംഗ്, ക്രോസ് സ്‌കില്ലിംഗ് പ്രോഗ്രാമുകള്‍ എന്നിവ വനിത ശിശു വികസന വകുപ്പ് നടത്തിവരുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ ഇടവേളയെടുക്കേണ്ടി വരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി റീസ്‌കില്ലിംഗ് പ്രോഗ്രാമുകളും നടത്തിവരുന്നു.

സ്വയം തൊഴിലിനും തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ് വകുപ്പ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തിലാണ് ഏറ്റവുമധികം വായ്പകള്‍ വനിതാ വികസന കോര്‍പ്പറേഷന്‍ സംരംഭങ്ങള്‍ക്കായി വിതരണം ചെയ്തത്. വീടുകളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും വനിതാ പോലീസ് സ്‌റ്റേഷനുകളുണ്ട്. നിയമസഹായം ആവശ്യമുണ്ടെങ്കില്‍ 181 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കാം.


രാത്രികാലങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിത ഇടമൊരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് എന്റെ കൂട് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കോഴിക്കോട് 2015 ലും തിരുവനന്തപുരത്ത് 2017 ലും എന്റെ കൂട് പദ്ധതി ആരംഭിച്ചു. വൈകിട്ട് ആറര മുതല്‍ പിറ്റേന്ന് രാവിലെ ഏഴര വരെയാണ് എന്റെ കൂട് സ്ഥാപനത്തിന്റെ പ്രവര്‍ത്തന സമയം. വെളുപ്പിന് മൂന്ന് മണി വരെ എത്തുന്നവര്‍ക്കും ഇവിടെ പ്രവേശനം അനുവദിക്കും. രാത്രി എട്ടു മണിവരെ പ്രവേശനം തേടുന്നവര്‍ക്ക് സൗജന്യ രാത്രി ഭക്ഷണവും ലഭിക്കും. പരമാവധി മൂന്ന് ദിവസം വരെ ഇവിടെ താമസിക്കാ