വയനാട് 16 റണ്ണിംഗ് കോണ്‍ട്രാക്ട് റോഡ് പ്രവൃത്തികളുടെ പരിശോധന പൂര്‍ത്തിയായി

post

വയനാട് ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഒരു വര്‍ഷ റണ്ണിംഗ് കോണ്‍ട്രാക്ട് റോഡ് പരിപാലന പ്രവൃത്തികളുടെ പരിശോധന പൂര്‍ത്തിയായി. ജില്ലയില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി കഴിഞ്ഞ മാര്‍ച്ച് മാസം ആരംഭിച്ച 1.67 കോടി രൂപയുടെ അഞ്ച് പ്രവൃത്തികളും മെയില്‍ ആരംഭിച്ച 4.82 കോടി രൂപയുടെ 11 പ്രവൃത്തികളുമാണ് നടന്നുവരുന്നത്. കൂടുതല്‍ കേടായ റോഡുകളുടെ പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ ഏറ്റെടുത്തിരുന്നത്. 16 റോഡുകളുടെയും പരിശോധന പൂര്‍ത്തിയായി. നിരത്ത് പരിപാലന വിഭാഗത്തിനാണ് നിര്‍വ്വഹണച്ചുമതല. ഒരു വര്‍ഷത്തേക്ക് പൂര്‍ണ്ണമായും റോഡുകള്‍ പരിചരിച്ച് പോരുന്നതിനാണ് റണ്ണിംഗ് കോണ്‍ട്രാക്ടുകള്‍ നല്‍കുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി വകുപ്പ് നടത്തിപ്പോരുന്ന പരിശോധനയുടെ ഭാഗമായാണ് പ്രത്യേക സംഘം രൂപീകരിച്ച് ജില്ലയിലും നാല് ദിവസത്തെ റോഡ് പരിശോധന നടത്തിയത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ എം.ഡി എസ്. സുഹാസ്, നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, നിരത്ത് പരിപാലന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന സംഘം 26 മുതലാണ് റോഡ് പ്രവൃത്തികള്‍ പരിശോധിച്ച് വിലയിരുത്തിയത്. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.