കർഷകർക്ക് ഉപകാര പ്രദമായി ആലത്തൂരിൽ കാർഷിക ഡ്രോൺ പ്രവർത്തിപരിചയം

post

കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമവകുപ്പ്, കാർഷിക എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയിലെ അതിനൂതന സാങ്കേതിക വിദ്യയായ ഡ്രോൺ പ്രവർത്തി പരിചയവും പ്രദർശനവും നടന്നു. ആലത്തൂർ പഞ്ചായത്ത് കീഴ്പ്പാടം പാടശേഖരത്തിൽ മലമൽ തരിശ്പാടത്ത് നടന്ന പരിപാടി കെ.ഡി പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കാർഷിക യന്ത്രവത്കരണത്തിൽ മുഖ്യപങ്ക് വഹിക്കുന്ന ഡ്രോണുകൾ കൃഷിയിടങ്ങളിലെ വിള വളർച്ച, വിള പരിപാലനം, വളപ്രയോഗം, കീടനാശിനി പ്രയോഗം എന്നീ മേഖലയിൽ ഫലപ്രദമായി പ്രവർത്തിക്കുന്നു. കുറഞ്ഞ സമയത്ത് ആവശ്യമായ അളവിൽ വിള സംരക്ഷണ ഉപാധികൾ കൃഷിയിടങ്ങളിൽ എത്തിക്കാൻ ഡ്രോൺ ഉപയോഗത്തിലൂടെ സാധ്യമാകുന്നു. കാലാവസ്ഥാ വ്യതിയാനം പ്രതിസന്ധിയാകുന്ന കാലഘട്ടത്തിൽ വളരെ കുറഞ്ഞ അളവിൽ ഫലപ്രദമായ സാങ്കേതിക വിദ്യയിൽ സൂക്ഷ്മ മൂലകങ്ങളും ജൈവകീടനാശിനികളും കൃഷിയിടത്തിൽ തളിക്കാം എന്നതാണ് കാർഷിക ഡ്രോണുകളുടെ പ്രത്യേകത.

ആലത്തൂർ ഗ്രാമപഞ്ചായത്തിലെ കീഴ്പാടം പാടശേഖരത്തിൽ ഉൾപ്പെട്ട മലമൽ പാടത്തെ കർഷകയായ രമ വെങ്ങാന്നൂരിന്റെ അഞ്ചേക്കറിൽ സൂക്ഷ്മ മൂലകങ്ങളായ ബോറോൺ, സൾഫേറ്റ് ഓഫ് പൊട്ടാഷ് എന്നിവയാണ് ഡ്രോൺ ഉപയോഗിച്ച് തളിച്ചത്. കതിര് വരുന്നതിന് മുൻപുള്ള സൂക്ഷ്മ മൂലകങ്ങളുടെ പ്രയോഗം പതിര് കുറയ്ക്കാനും മണിത്തൂക്കം കൂടാനും സഹായകരമാണ്. ഒരു ഏക്കർ സ്ഥലം ഡ്രോൺ ഉപയോഗിച്ച് തളിക്കാൻ എട്ട് മിനിറ്റ് മതിയാകും.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാം പ്രകാരം 10 ലക്ഷം രൂപ വരെ വില വരുന്ന കാർഷിക ഡ്രോണുകൾക്ക് വ്യക്തിഗത കർഷകർക്ക് നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ സബ്സിഡിയിൽ ലഭ്യമാകും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലയിലും 10 ഹെക്ടറിൽ കുറയാത്ത കൃഷിയിടങ്ങളിൽ പ്രവൃത്തിപരിചയം നടപ്പിലാക്കുന്നുണ്ട്.