ജില്ലയില്‍ 1.2 ടണ്‍ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

post

ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനത്തെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപക പരിശോധനകള്‍ നടത്തി. 1.2 ടണ്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുത്തു. 9.6 ലക്ഷം രൂപ പിഴ ചുമത്തുകയും 3.5 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്തു.

നിരോധിത പ്ലാസ്റ്റിക്ക് ഉത്പാദിപ്പിക്കുന്നതും വിപണനം നടത്തുന്നതും കൈവശം വയ്ക്കുന്നതും നിലവില്‍ കുറ്റകരമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും തുറസ്സായ സ്ഥലങ്ങളിലും പൊതുനിരത്തുകളിലും വീട്ടു പരിസരങ്ങളിലും കത്തിക്കുന്നതും ശിക്ഷാര്‍ഹവുമാണ്.

വീട്ടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിച്ച പ്ലാസ്റ്റിക്ക് ഹരിതകര്‍മ്മ സേനയ്ക്കാണ് കൈമാറേണ്ടത്. പൊതു/ സ്വകാര്യ ചടങ്ങുകളില്‍ ഉപയോഗിച്ച പ്ലാസ്റ്റിക്ക് വസ്തുക്കളും നിശ്ചിത ഫീസ് നല്‍കി ഇവര്‍ക്ക് കൈമാറാം. ചട്ടത്തിലെ ഏതൊരു ലംഘനത്തിനും ആദ്യ തവണ 10,000 രൂപ, രണ്ടാമത്തെ തവണ 25000 രൂപ തുടര്‍ന്നുളള ലംഘനങ്ങള്‍ക്ക് 50,000 രൂപ എന്നിങ്ങനെ പിഴ ഈടാക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു അജൈവ മാലിന്യങ്ങളും ജലാശയങ്ങളില്‍ നിക്ഷേപിക്കുന്നത് തടയുന്നതിനായി ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നിരന്തരം പരിശോധന നടത്തുകയും ശക്തമായ താക്കീത് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു വരുന്നതായി അധികൃതര്‍ അറിയിച്ചു.


പരിസ്ഥിതി മലിനീകരണം തടയുന്നതിനും പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനും ഗ്രാമപഞ്ചായത്തുകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.