വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മാലിന്യമുക്തമാക്കി ടൂറിസം ഡേ ആഘോഷിച്ചു

post

ലോകം കോവിഡ് മഹാമാരിയില്‍ നിന്ന് കരകയറി വരുന്ന കാലത്ത് 'വിനോദസഞ്ചാരത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്താം' എന്ന സന്ദേശവുമായി ജില്ലയിലെങ്ങും ലോക ടൂറിസം ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മാലിന്യവിമുക്തമാക്കി മനോഹരമാക്കിയും ശുചിത്വ ടൂറിസത്തെക്കുറിച്ച് ബോധവത്കരണം നടത്തിയുമാണ് ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സിയും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ടൂറിസം ഡേ ആഘോഷമാക്കിയത്.

ജില്ലാ ഭരണകൂടത്തിന്റെയും ഇടുക്കി ഡി.ടി.പി.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടികളുടെ ജില്ലാതല ഉദ്ഘാടം ഇടുക്കി വെള്ളപ്പാറയില്‍ ശുചീകരണം നടത്തി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് നിര്‍വഹിച്ചു. പ്രകൃതിമനോഹരമായ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം വൃത്തിയും വെടിപ്പുമുള്ളതാക്കി സഞ്ചാരികളെ സ്വാഗതം ചെയ്യാനും അവര്‍ക്ക് മികച്ച അനുഭവം പകരാനും കഴിയണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി. സെക്രട്ടറി ജിതേഷ് ജോസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ, പൈനാവ് ഗവ.എഞ്ചിനീയറിംഗ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റ്, മുട്ടം ഐ.എച്ച്.ആര്‍.ഡി ടൂറിസം ക്ലബ്, ഡി.ടി.പി.സി ജീവനക്കാര്‍, കട്ടപ്പന എക്സ് സര്‍വീസ്മെന്‍ ചാരിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

ഉദ്ഘാടനത്തിന് ശേഷം വെള്ളപ്പാറയിലെ കൊലുമ്പന്‍ സമാധി വൃത്തിയാക്കി ചെടികള്‍ നട്ടു. കൂടാതെ കോളേജ് വിദ്യാര്‍ത്ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് കൊലുമ്പന്‍ സമാധി മുതല്‍ ഹില്‍വ്യൂ പാര്‍ക്ക വരെയും, പൈനാവ് റോഡ്, പാറേമാവ് റോഡ് എന്നിവയുടെ പാതയോരവും വൃത്തിയാക്കുകയും ഹില്‍വ്യൂ പാര്‍ക്ക് പ്രവേശന കവാടം വരെ ചെടികള്‍ നട്ടു മനോഹരമാക്കുകയും ചെയ്തു.