'കരുതലിന്റെ കാൽനൂറ്റാണ്ട് ' ഡോക്യുമെന്ററി പ്രകാശനം ചെയ്തു

post

വനിതാ കമ്മീഷൻ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതോടനുബന്ധിച്ച് നിർമ്മിച്ച 'കരുതലിന്റെ കാൽനൂറ്റാണ്ട് ' എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിർവഹിച്ചു.

വിധു വിൻസെന്റ് സംവിധാനം ചെയ്ത ഡോക്യുമെന്ററി 25 വർഷത്തെ പ്രവർത്തനംകൊണ്ട് കമ്മീഷൻ ഏതൊക്കെ വിധത്തിലാണ് കേരളത്തിലെ സ്ത്രീകൾക്ക് താങ്ങും കരുത്തുമായി മാറിയത് എന്ന അന്വേഷണമാണ്. സമൂഹത്തിൽ സ്ത്രീയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ കമ്മീഷൻ നടത്തിയ ഇടപെടലുകൾ പുതിയ തലമുറ അറിയേണ്ടതുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി ചൂണ്ടിക്കാട്ടി. വിവിധ രംഗങ്ങളിലെ അഭിമാനകരമായ നേട്ടങ്ങൾക്കിടയിലും എത്രമാത്രം സ്ത്രീ വിരുദ്ധ ആശയങ്ങൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട് എന്ന കാര്യം ആവർത്തിച്ച് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

വിധു വിൻസെന്റിനും മറ്റ് സ്ത്രീ ശാക്തീകരണ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത എ.വി തമ്പാൻ, കെ.ആർ ജയചന്ദ്രൻ, വി പ്രേംചന്ദ് എന്നിവർക്കും രഞ്ജിത്ത് ഉപഹാരം നൽകി. കമ്മീഷൻ അംഗം ഷിജി ശിവജി, ഇന്ദിരാ രവീന്ദ്രൻ, മെമ്പർ സെക്രട്ടറി സോണിയ വാഷിങ്ങ്ടൺ, ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ പങ്കെടുത്തു. ഡോക്യുമെന്ററിയുടേയും ഹ്രസ്വ ചിത്രങ്ങളുടേയും പ്രദർശനവും നടന്നു.