ലഹരിവിരുദ്ധ ബോധവല്‍ക്കരണം ഊര്‍ജിതമാക്കും

post

ജില്ലയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം. എക്‌സൈസ്, പോലീസ് വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങളുണ്ടാകും. ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ ഒന്ന് വരെ ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കും. സ്‌കൂള്‍-കോളേജ് തലങ്ങളില്‍ ഒക്ടോബര്‍ അഞ്ചുവരെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ ഡ്രൈവും നടത്തും. തീരദേശ-അതിര്‍ത്തി മേഖലകളില്‍ പരിശോധന ശക്തമാക്കി. ഭക്ഷ്യവസ്തുക്കളില്‍ ലഹരി കലര്‍ത്തുന്നത് കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഹകരണം ഉറപ്പാക്കും.

വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയാന്‍ ലക്ഷ്യമിടുന്ന ‘യോദ്ധാവ്' പദ്ധതിക്കായി തിരഞ്ഞെടുത്ത അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണവും ഉറപ്പാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തെരുവുനാടകം, ബോധവല്‍ക്കരണ ക്ലാസുകള്‍, ശില്പശാല തുടങ്ങിയവ നല്‍കി വരുന്നതായി പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തെരുവുനായഭീഷണിക്കും പേവിഷബാധയ്ക്കുമെതിരെയുള്ള കുത്തിവെപ്പ് ത്വരിതപ്പെടുത്തണം. ജില്ലാ-ബ്ലോക്ക്-തദ്ദേശസ്ഥാപന തലങ്ങളില്‍ എ.ബി.സി ഷെല്‍ട്ടറുകള്‍ ആരംഭിക്കണം- കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കാലവര്‍ഷക്കെടുതിയില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം, റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികള്‍, ശാസ്താംകോട്ട മിനി സിവില്‍ സ്റ്റേഷന്‍, എക്‌സൈസ് കോംപ്ലക്‌സ് നിര്‍മ്മാണം, മൈനാഗപ്പള്ളി റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക തുടങ്ങിയ വിഷയങ്ങളും ഉന്നയിച്ചു.

കരുനാഗപ്പള്ളി-കുന്നത്തൂര്‍ സമഗ്ര കുടിവെള്ള വിതരണ പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ അടിയന്തരയോഗം വിളിക്കണമെന്ന് സി. ആര്‍ മഹേഷ് എം.എല്‍.എ ആവശ്യപ്പെട്ടു. നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുന:സ്ഥാപിക്കുക, വഴിയരികിലുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റുക, അടഞ്ഞുകിടക്കുന്ന ഓടകള്‍, ചാലുകള്‍ എന്നിവയിലെ മാലിന്യം നീക്കുക തുടങ്ങിയ ആവശ്യങ്ങളും എം.എല്‍.എ മുന്നോട്ടു വച്ചു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണം. കുളക്കട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ സംവിധാനം വേണം. മൈലം പി.എച്ച്.സിയില്‍ ക്ലാര്‍ക്കിനെ നിയമിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പ്രതിനിധി വി. പി ജോണ്‍സണ്‍ നല്‍കിയത്. ചിതറ പഞ്ചായത്തിലെ ക്വാറികളില്‍ അനിയന്ത്രിത ഖനനം തടയണമെന്ന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രതിനിധി ബുഹാരി ആവശ്യപെട്ടു.

ദേശീയപാത 744 വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് എന്‍. കെ പ്രേമചന്ദ്രന്‍ എം.പിയുടെ പ്രതിനിധി കെ.എസ് വേണുഗോപാല്‍ ആവശ്യപ്പെട്ടു. പി.എസ്.സിയുടെ കായിക-ശാരീരികക്ഷമതാ പരീക്ഷ നടത്തിപ്പില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.

പത്തനാപുരം-കല്ലുംകടവ് ബൈപാസ് റോഡ് നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുക്കല്‍, ആവണീശ്വരം റെയില്‍വേ ക്രോസില്‍ മേല്‍പ്പാല നിര്‍മാണം എന്നിവയ്ക്ക് അനുമതി ലഭ്യമാക്കണമെന്ന് കെ. ബി ഗണേഷ് എം.എല്‍.എ.യുടെ പ്രതിനിധി പി. എ. സജിമോന്‍. ചവറ ഫയര്‍ഫോഴ്‌സ് കെട്ടിട നിര്‍മ്മാണത്തിന് ഭൂമി വേഗത്തില്‍ ഏറ്റെടുക്കണമെന്ന് സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ.യുടെ പ്രതിനിധി മധുകുമാര്‍ ആവശ്യപെട്ടു.

പുനലൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് മുതല്‍ ചല്ലിമുക്ക് വരെയുള്ള പാതയുടെ സുരക്ഷയ്ക്കായി നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരമുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കണം. കാരുണ്യ ആരോഗ്യ സുരക്ഷ ഇന്‍ഷുറന്‍സ് പ്രകാരം പുതിയതായി രജിസ്‌ട്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് പി. എസ്. സുപാല്‍ എം.എല്‍.എയുടെ പ്രതിനിധി അനി മുഹമ്മദ് പറഞ്ഞു.

താലൂക്ക് വികസന സമിതി യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ.ഡി.എം ആര്‍. ബീനറാണി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ. ആമിന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.