ബഗ്ലാംകടവ് സ്റ്റേഡിയം - വലിയകുളം റോഡ് നിർമാണോദ്ഘാടനം നടത്തി

post

ബഗ്ലാംകടവ് സ്റ്റേഡിയം - വലിയകുളം റോഡിന്റെ നിർമാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അഡ്വ.പ്രമോദ് നാരായൺ എം എൽ എ പറഞ്ഞു. റേഷന്‍കടപടിയില്‍ ബഗ്ലാംകടവ് സ്റ്റേഡിയം-വലിയകുളം റോഡ് നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. വടശേരിക്കര പഞ്ചായത്തിലെ കുടിവെള്ള പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. ബഗ്ലാംകടവ് സ്റ്റേഡിയം - വലിയകുളം റോഡിലൂടെ ബസ് റൂട്ട് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വികസനത്തിൽ രാഷ്ട്രീയം വിഷയമല്ലെന്നും എം എൽ എ പറഞ്ഞു.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ 1.70 കോടി രൂപ വിനിയോഗിച്ച് ഉന്നതനിലവാരത്തിലാണ് ബഗ്ലാംകടവ് സ്റ്റേഡിയം - വലിയകുളം റോഡിന്റെ നിർമ്മാണം. ബംഗ്ലാം കടവിൽ നിന്ന് ആരംഭിച്ചു വലിയകുളം വരെ ഉള്ള 2.921 കീ മി ആണ് ഈ പ്രവർത്തിയിൽ നവീകരിക്കുന്നത്.

പൂർണമായും റോഡ് പൊളിഞ്ഞു പോയ 2250 മീറ്റർ ഭാഗം പൊളിച്ചു മാറ്റിയ ശേഷം സബ് ഗ്രേഡ് 30 സെൻ്റിമീറ്റർ ഘനത്തിൽ ഇളക്കി സിമന്റ് സ്റ്റെബിലൈസേഷൻ ചെയ്തതിനു ശേഷം 15 സെൻ്റിമീറ്റർ ഘനത്തിലും 3.75 മീറ്റർ വീതിയിൽ സി ടി എസ് ബി വിരിച്ചു 10 സെൻ്റിമീറ്റർ ഘനത്തിൽ 2921 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ഓവർ ലെ ചെയ്യും. റോഡിന്റെ ഇരു വശത്തും ഐറിഷ് ഡ്രൈനും റോഡ് ട്രാഫിക് സേഫ്റ്റി പ്രവൃത്തികളായ മുന്നറിയിപ്പ് ബോർഡുകളും, ദിശാസൂചക ബോർഡുകളും ക്രാഷ് ബാരിയറുകളും ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എട്ടു മാസമാണ് നിർമ്മാണ പൂർത്തീകരണ കാലാവധി.

വടശേരിക്കര പഞ്ചായത്ത് അംഗം സ്വപ്നാ സൂസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത്, ചെല്ലപ്പൻ, ആർകെ ഐ-പി ഐ യു കോട്ടയം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റിഫിൻ കെ ജോൺ, സ്വാഗത സംഘം ജനറൽ കൺവീനർ എ.ആർ. വിക്രമൻ, ജോയിൻ്റ് കൺവീനർ ഒ. എൻ. മധുസൂധനൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


pta