ലഹരിക്കെതിരെ കൈകോർക്കാൻ 5 ലക്ഷം വിദ്യാർത്ഥികൾ

post

ഗാന്ധിജയന്തി ദിനത്തിൽ വിപുലമായ പരിപാടികൾക്ക് തുടക്കം

ലഹരിവിമുക്ത കേരളം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ബോധവൽക്കരണ പരിപാടിയിൽ ജില്ലയിൽ അഞ്ചു ലക്ഷം വിദ്യാർഥികൾ അണിചേരും. അധ്യാപകരിലൂടെ രക്ഷിതാക്കളിലും അതുവഴി വിദ്യാർത്ഥികളിലും അവബോധം സൃഷ്ടിച്ച് ലഹരി ഉപയോഗം ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലൂടെ 5,08,195 വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകാനാകും.

സർക്കാർ വിദ്യാലയത്തിൽ നിന്നായി 91,374 വിദ്യാർത്ഥികൾക്കും എയ്ഡഡ് തലത്തിൽ 2,56,550 വിദ്യാർത്ഥികൾക്കും അൺ എയ്ഡഡ് മേഖലയിൽ 1,60,271 വിദ്യാർത്ഥികൾക്കുമാണ് ബോധവൽക്കരണം ലഭിക്കുക. 22,043 അധ്യാപകരാണ് പദ്ധതിയുടെ ഭാഗമാകുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സർക്കാർ, എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ് സ്കൂളിലെ എല്ലാ വിഭാഗം അധ്യാപകർക്കും ശില്പശാലകളും സംഘടിപ്പിക്കുന്നുണ്ട്. എസ് സി ആർ ടി യുടെ നേതൃത്വത്തിലാണ് ശിൽപ്പശാലക്കുള്ള മൊഡ്യൂൾ തയ്യാറാക്കിയത്. ബി ആർ സി തലത്തിലും അധ്യാപകർക്ക് പരിശീലനം നൽകുന്നുണ്ട്.

ഒക്ടോബർ രണ്ടിന് സ്കൂൾതലത്തിൽ ആരംഭിക്കുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി അധ്യാപകർക്ക് വേണ്ടി ജില്ലാതല റിസോഴ്സ് ഗ്രൂപ്പിന്റെ പരിശീലനം സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ 18 ബി ആർ സികളുടെ പരിധിയിലുള്ള 241 അധ്യാപകർക്ക് ഇതിൻ്റെ ഭാഗമായി പരിശീലനം ലഭിച്ചു. ഈ അധ്യാപകരുടെ നേതൃത്വത്തിൽ സെപ്റ്റംബർ 30 ന് മുമ്പ് ജില്ലയിലെ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകും. ബോധവത്കരണ പരിപാടി ഒക്ടോബർ 2 ന് ആരംഭിക്കും.

പൊതുവിദ്യാഭ്യാസ സംരക്ഷണ വകുപ്പ് വിദ്യാലയങ്ങളിൽ സ്കിറ്റ്, നാടകങ്ങൾ, ക്വിസ്സ് , ലേഖനം എന്നിങ്ങനെ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് സമഗ്ര ശിക്ഷ ജില്ല പ്രോഗ്രാം കോർഡിനേറ്റർ ഡോ. എൻ ജെ ബിനോയ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ എന്നിവർ പറഞ്ഞു. കൂടാതെ പിടിഎയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും, കോർണർ യോഗങ്ങൾ നടത്തി പൊതുജനങ്ങൾക്കും കൂടുതൽ ബോധവൽക്കരണ ക്ലാസുകൾ നൽകും .

പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, എക്സൈസ്, പോലീസ്, തദ്ദേശ സ്വയംഭരണം, ആരോഗ്യം എന്നിങ്ങനെ വിവിധ വകുപ്പുകൾ കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. ലഹരിക്കെതിരെ ഒക്ടോബർ രണ്ട് മുതൽ നവംബർ ഒന്ന് വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും അതിന്റെ നിയമവശങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകി എക്സൈസ് വകുപ്പും ലഹരി മനുഷ്യനിലുളവാക്കുന്ന മാനസിക-ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ നൽകി ആരോഗ്യവകുപ്പും പരിശീലന പരിപാടിയിൽ പങ്കാളികളാകും.

ലഹരിക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പൊതുജന പങ്കാളിത്തത്തോടെ ബോധവൽക്കരണ ക്ലാസുകൾ, സംവാദങ്ങൾ, ചർച്ചകൾ, പ്രതിജ്ഞ, സൈക്കിൾ റാലി ,കൂട്ടയോട്ടം, മനുഷ്യച്ചങ്ങല, ലഹരി ഉപയോഗത്തിൽ നിന്നും വിമുക്തരായവരുടെ കൂടിച്ചേരൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.