ഭൂജല സമ്പത്തിന്റെ വിവര ശേഖരണം, 60 വാര്‍ഡുകളില്‍ വെല്‍ സെന്‍സസ് പൂര്‍ത്തീകരിച്ചു

post

ഭൂജലവകുപ്പ് നടത്തുന്ന വെല്‍ സെന്‍സസ് ജില്ലയില്‍ 60 വാര്‍ഡുകള്‍ പൂര്‍ത്തിയാക്കി. ഭൂജല സമ്പത്തിന്റെ സമഗ്രവിവരം ശേഖരിക്കുന്നതാണ് പദ്ധതി. നാഷണല്‍ ഹൈഡ്രോളജി പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുമായി ചേര്‍ന്നാണ് ഭൂജലവകുപ്പ് സെന്‍സസ് നടത്തുന്നത്. ജില്ലയില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, മഞ്ചേശ്വരം, കാറഡുക്ക, നീലേശ്വരം ബ്ലോക്കുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.


60 വാര്‍ഡുകളില്‍ നിന്നായി 81830 ത്തോളം സര്‍വേ ജില്ലയില്‍ പൂര്‍ത്തിയായിട്ടുണ്ട്. കാഞ്ഞങ്ങാട് 14789, കാറഡുക്ക 11894, മഞ്ചേശ്വരം 16607, കാസര്‍കോട് 20181, നീലേശ്വരം 18359 എന്നിങ്ങനെയാണ് കണക്കുകള്‍. ഫീല്‍ഡുതല പരിശോധന നടത്തിയാണ് ജലസ്രോതസുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിനായി നീരറിവ് എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നു. കുളങ്ങള്‍, നീരുറവകള്‍, കിണറുകള്‍, കുഴല്‍ കിണറുകള്‍ എന്നിവയുടെ വിവരങ്ങള്‍ 'നീരറിവ്' വഴി ശേഖരിക്കും.


വരും കാലങ്ങളില്‍ ഭൂജലത്തിന്റെ ഉപയോഗം മനസിലാക്കാനും ഓരോ പ്രദേശത്തിന്റെയും ആവശ്യകത അനുസരിച്ച് തിട്ടപ്പെടുത്താനും, ഭൂജലശേഷി വര്‍ധിപ്പിക്കല്‍, ഭൂജല ഗുണനിലവാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയവയ്ക്ക് പദ്ധതി സഹായിക്കും. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതാ മേഖലകള്‍ എന്നിവ മുന്‍കൂട്ടി കണ്ടെത്തി മുന്‍കരുതല്‍ എടുക്കാന്‍ കഴിയും വിധത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ ജലവിനിയോഗം എങ്ങനെ വേണമെന്ന് നിശ്ചയിക്കാനും കഴിയും. പരിശീലനം ലഭിച്ച കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് സര്‍വേ നടത്തുന്നത്. ജില്ലയില്‍ 11 സൂപ്പര്‍ വൈസര്‍മാരും 125 എന്യൂമറേറ്റര്‍മാരും സെന്‍സസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജൂലൈ 21 നാണ് സര്‍വേ ആരംഭിച്ചത്.