വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണവുമായി അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്

post

ചുള്ളി ഗവൺമെന്റ് സ്കൂളിൽ പദ്ധതിക്ക് തുടക്കമായി

പഠനത്തോടൊപ്പം മികച്ച ആരോഗ്യവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാലങ്ങളിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടൊപ്പം വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണവും നൽകുകയാണ് ചുള്ളി ഗവൺമെന്റ് എൽ.പി സ്കൂളിൽ. അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ വകയിരുത്തിയാണ് ഈ പദ്ധതി സ്കൂളിൽ നടപ്പാക്കുന്നത്.

സ്കൂളിലെ എല്ലാ കുട്ടികൾക്കും ഈ അധ്യയന വർഷം മുഴുവൻ പദ്ധതി വഴി പ്രഭാത ഭക്ഷണം നൽകാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോൻ നിർവഹിച്ചു.

എല്ലാ ദിവസവും കുട്ടികൾക്ക് ഓരോ ഗ്ലാസ് പാലും കോഴിമുട്ട, കാട മുട്ട, ഏത്തപ്പഴം, ദോശ, അപ്പം, ഇടിയപ്പം, വെജിറ്റബൾ കറികൾ, ചിക്കൻ, മീൻ തുടങ്ങിയവയും പ്രഭാതഭക്ഷണമായി നൽകും. ആരോഗ്യമുള്ള കുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.