പൊന്നാനിയില്‍ 'പാതിരാവിലും പരിരക്ഷ'; സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

post

മലപ്പുറം :  പൊന്നാനി നഗരസഭ രോഗീപരിചരണത്തിനായി നടപ്പിലാക്കുന്ന 'പാതിരാവിലും പരിരക്ഷ' പദ്ധതി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭയും ആരോഗ്യ വിഭാഗവും മികച്ച പദ്ധതികളുമായി മുന്നേറുകയാണെന്നും തങ്ങള്‍ ചെയ്യുന്ന ജോലി ജനങ്ങള്‍ക്ക് സന്തോഷം നല്‍കാവുന്ന നിലയിലേക്ക്  എത്തിക്കുകയെന്നത്  ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ട പ്രാഥമികമായ കടമയാണെന്ന് സ്പീക്കര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പൊന്നാനി മാതൃശിശു ആശുപത്രി ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞിട്ടും മനോഹരമായി നിലനില്‍ക്കുന്നത് കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. ആശുപത്രികളും സ്ഥാപനങ്ങളും നിര്‍മ്മിക്കുകയല്ല. ഉണ്ടാക്കിയിട്ടും അത് നിലനിര്‍ത്തുക എന്നതാണ് പ്രധാനമെന്നും നഗരസഭയും ആശുപത്രി ജീവനക്കാരും ഇതില്‍ വിജയിച്ചുവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
പാതിരാത്രിയില്‍ വേദന കൊണ്ട് പുളയുമ്പോള്‍ രോഗീപരിചരണത്തിനായി ഹോം കെയര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അരികിലെത്തുന്ന പദ്ധതിയാണ് 'പാതിരാവിലും പരിരക്ഷ'. പൊന്നാനിയിലെ കിടപ്പ് രോഗികള്‍ക്കും, രാത്രി കാല ശുശ്രൂഷ ആവശ്യമായി വരുന്നവര്‍ക്കും രാത്രി കാല ഹോം കെയര്‍ പദ്ധതി ലഭ്യമാകും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനം രാത്രി കാല ഹോം കെയര്‍ സര്‍വീസ് ആരംഭിക്കുന്നത്. വിദഗ്ധ സേവനം ലഭിച്ച ഒരു നഴ്‌സും, ആരോഗ്യ പ്രവര്‍ത്തകരുമാണ് രാത്രികാലങ്ങളില്‍ അടിയന്തര സഹായവുമായി രോഗികള്‍ക്കരികിലെത്തുക. സേവനം ആവശ്യമുള്ളവര്‍ക്ക് ഹോം കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഏത് പാതിരാത്രിയിലും വീട്ടിലെത്തി പരിചരിക്കും. കൂടുതല്‍ സേവനം ആവശ്യമായി വന്നാല്‍ ഡോക്ടറുടെ അടുത്തെത്തിക്കുകയും ചെയ്യും.
നഗരസഭ കാര്യാലയ പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി.  ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വി.രമാദേവി, സ്ഥിരം സമിതി ചെയര്‍മാന്മാരായ ഒ.ഒ ഷംസു, അഷറഫ് പറമ്പില്‍, റീനാ പ്രകാശന്‍, ടി.മുഹമ്മദ് ബഷീര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സണ്ണിചാക്കോ, ഗവ.സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ.ആശ, നഗരസഭ സൂപ്രണ്ട് എസ്.എ വിനോദ് കുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.