പെരിയാർ രാമസ്വാമി നായ്ക്കരുടെ പോരാട്ടങ്ങൾ സാമൂഹ്യനീതിക്ക് എന്നും പ്രചോദനം

post

പെരിയാർ ഇ.വി രാമസ്വാമി നായ്ക്കരുടെ പോരാട്ടങ്ങൾ സാമൂഹ്യ നീതിക്ക് എന്നും പ്രചോദനമെന്ന് ജില്ലാ കളക്ടർ ഡോ.പി. കെ ജയശ്രീ. പെരിയാറിന്റെ 144ാ-മത് ജന്മദിനത്തോടനുബന്ധിച്ച് വൈക്കം തന്തൈ പെരിയാർ സ്മാരകത്തിലെ ഇ.വി രാമസ്വാമി നായ്ക്കരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു കളക്ടർ. വൈക്കം സത്യാഗ്രഹകാലത്ത് അധ:സ്ഥിതർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ എക്കാലത്തും ഓർമിക്കപ്പെടേണ്ടതാണെന്നും കളക്ടർ പറഞ്ഞു.

തുടർന്ന് തന്തൈ പെരിയാർ മ്യൂസിയത്തിലും കളക്ടർ സന്ദർശനം നടത്തി. ഇ.വി രാമസ്വാമി നായ്ക്കരുടെ ജന്മദിനമായ സെപ്റ്റംബർ 17 സാമൂഹിക നീതി ദിനമായി ആചാരിക്കാൻ തീരുമാനിച്ച് തമിഴ്‌നാട് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു വൈക്കത്തെ പെരിയാർ സ്മാരകത്തിലും തമിഴ്‌നാട് സർക്കാരിന്റെ നേതൃത്വത്തിൽ അനുസ്മരണച്ചടങ്ങുകൾ സംഘടിപ്പിച്ചത്. കോയമ്പത്തൂർ ഡെപ്യൂട്ടി കളക്ടറും പബ്ലിക് റിലേഷൻ ഓഫീസറുമായ സെന്തിൽ അണ്ണ തമിഴ്‌നാട് സർക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു.