അപകട മരണം : പ്രവാസികള്‍ക്ക് സാന്ത്വന സ്പര്‍ശമായി നോര്‍ക്ക ഇന്‍ഷുറന്‍സ് കാര്‍ഡ്

post

  20 ലക്ഷം രൂപ വിതരണം ചെയ്തു

തിരുവനന്തപുരം : അപകടത്തില്‍ മരണമടഞ്ഞ പ്രവാസി മലയാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ ഇന്‍ഷുറന്‍സ് തുകയായ രണ്ടു ലക്ഷം രൂപ വീതം 10 കുടുംബങ്ങള്‍ക്ക്  വിതരണം ചെയ്തു. നോര്‍ക്ക റൂട്ട്‌സിനെ സംബന്ധിച്ചടത്തോളം പ്രവാസികളുടെ ഇത്തരം കാര്യങ്ങളില്‍ ഇടപ്പെട്ട് സാന്ത്വനം നല്‍കുക എന്ന ഉത്തരവാദിത്തംകൂടി നിര്‍വ്വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പ്രവാസി മലയാളികളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് നോര്‍ക്ക റൂട്ട്‌സ് പ്രവര്‍ത്തിക്കുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ചീഫ് എക്‌സിക്ക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്കാണ്  നിലവില്‍ ഈ ആനുകൂല്യം ലഭിക്കുന്നത്. ആറു ലക്ഷത്തോളം പ്രവാസികളാണ് ഈ പദ്ധതിയില്‍ ഇപ്പോള്‍ അംഗങ്ങളായിട്ടുള്ളത്.  

വിദേശത്ത് ആറുമാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ, താമസിക്കുകയോ ചെയ്യുന്ന പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ക്കാണ് നോര്‍ക്കാ റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് അര്‍ഹത. മൂന്ന് വര്‍ഷമാണ്  തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി. പ്രസ്തുത കാര്‍ഡുടമകള്‍ക്ക് രണ്ടുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പുറമേ  അപകടത്തില്‍ സ്ഥിരമായ അംഗവൈകല്യം  സംഭവിക്കുന്നവര്‍ക്ക്  പരമാവധി ഒരു ലക്ഷം രൂപവരെ ലഭിക്കും. ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി മുഖേനയാണ്  ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് www.norkaroots.org എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.അപകട ഇന്‍ഷുറന്‍സിന് പുറമെ കുവൈറ്റ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യുന്ന നോര്‍ക്ക റൂട്ട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡുടമകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും യാത്രാനിരക്കില്‍ 7% ഇളവ് ലഭിക്കും.

നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഡി.ജഗദീഷ്, ഹോം അറ്റസ്റ്റേഷന്‍ ഓഫീസര്‍ വി. എസ്. ഗീതാകുമാരി, ഫിനാന്‍സ് മനേജര്‍ നിഷാ ശ്രീധര്‍, പ്രോജക്റ്റ്‌സ്‌ അസിസ്റ്റന്റ് മാനേജര്‍ റ്റി.സി. ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.

നോര്‍ക്ക റൂട്ടിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ടോള്‍ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും)  മിസ്ഡ് കോള്‍ സേവനം ലഭിക്കും.