ജീവിതത്തിന്റെ സന്തോഷ കാഴ്ചകളുമായി ലൈഫ് ഫോട്ടോപ്രദര്‍ശനം

post

അടുത്ത വര്‍ഷത്തോടെ വീടുകളുടെ എണ്ണം സര്‍വകാല റെക്കോഡ് ആകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം : ഒരിക്കലും സ്വന്തമായി ഒരു വീടുണ്ടാവുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടില്ലാത്തവര്‍, അടച്ചുറപ്പില്ലാത്ത വീട്ടില്‍ മക്കള്‍ക്കൊപ്പം ഉറക്കം നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നവര്‍, എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞു വീഴുമായിരുന്ന കൂരകളില്‍ ജീവഭയത്തോടെ ഉറങ്ങിയിരുന്നവര്‍.... അങ്ങനെയുള്ളവരുടെ ജീവിതത്തിലേക്കാണ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫിലൂടെ സംസ്ഥാന സര്‍ക്കാര്‍ സന്തോഷത്തിന്റെ വെളിച്ചം പകര്‍ന്നത്. ഇന്ന് രണ്ടു ലക്ഷം കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ നല്‍കിയ വീടുകളില്‍ സുരക്ഷിതമായി കഴിയുന്നു. ഇതിന്റെ നേര്‍ച്ചിത്രമാണ് പുത്തരിക്കണ്ടം മൈതാനത്ത് ഇന്‍ഫര്‍മേഷന്‍  പബ്ളിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ ലൈഫ് ഫോട്ടോപ്രദര്‍ശനം.

കേരളത്തിലെ രണ്ടു ലക്ഷം കുടുംബങ്ങളുടെ വ്യത്യസ്തമായ കഥയാണ് ലൈഫ് പദ്ധതിക്ക് പറയാനുള്ളത്. പ്രദര്‍ശനത്തിലൊരുക്കിയിട്ടുള്ള എണ്‍പതിലധികം ചിത്രങ്ങളിലൂടെ ലൈഫ് പദ്ധതിയുടെ കഥ പറയുകയാണ് സംസ്ഥാന സര്‍ക്കാര്‍. അടുത്ത വര്‍ഷത്തോടെ ലൈഫ് പദ്ധതിയില്‍ നിര്‍മിക്കുന്ന വീടുകളുടെ എണ്ണം സര്‍വകാല റെക്കോഡ് ആകുമെന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. വീടുകളുടെ ഗുണനിലവാരത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച നടത്തിയിട്ടില്ല. ലൈഫ് എന്നത് വെറുമൊരു പാര്‍പ്പിട പദ്ധതിയല്ല.പാവപ്പെട്ടവരുടെ മൗലികാവകാശം സംരക്ഷിക്കുന്ന പദ്ധതിയാണ്.

മൂന്നാം ഘട്ടത്തില്‍ ഫ്ലാറ്റുകൾ  നിര്‍മിക്കുമ്പോള്‍ ജീവനോപാധിക്കും മുന്‍തൂക്കം നല്‍കും. ഫ്ളാറ്റുകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം കുട്ടികളുടെ ക്രഷ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. മുടങ്ങിക്കിടന്ന വീടുകള്‍ക്ക് സര്‍ക്കാര്‍ അധിക പണം നല്‍കി പൂര്‍ത്തീകരിച്ചു. ഓരോ വീടിന്റേയും പണി പൂര്‍ത്തീകരിച്ചാണ് ലൈഫ് പദ്ധതി മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

പൊളിഞ്ഞുവീഴാറായ വീടുകളില്‍ കഴിഞ്ഞിരുന്ന കൊല്ലം റെയില്‍വേ സ്‌റ്റേഷന് സമീപത്തെ അലക്കുകുഴി കോളനി നിവാസികള്‍ക്ക് മുണ്ടയ്ക്കല്‍ കച്ചിക്കടവില്‍ നിര്‍മിച്ച വീടുകള്‍, ഇടുക്കി അടിമാലിയിലെ 163 കുടുംബങ്ങള്‍ കഴിയുന്ന ലൈഫ് ഫ്ലാറ്റ് , അങ്കമാലിയിലെ ഫ്ലാറ്റ് സമുച്ചയം എന്നിവയുടെ വിശദാംശങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ലൈഫ് പദ്ധതിയുടെ ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ആദ്യം പൂര്‍ത്തിയായ വീടുകളിലെ താമസക്കാരുടെ വിശേഷങ്ങളും പ്രദര്‍ശനത്തില്‍ കാണാം. ചീമേനി ജയിലിലെ അന്തോവസികള്‍ കാസര്‍കോട് കരിന്തളം സ്വദേശി രാധയ്ക്ക് വീട് നിര്‍മിച്ചു നല്‍കിയതിനെക്കുറിച്ചും ലൈഫ് പദ്ധതിയിലേക്ക് ഭൂമി സൗജന്യമായി നല്‍കാന്‍ തയ്യാറായവരെക്കുറിച്ചും ഫോട്ടോ പ്രദര്‍ശനത്തില്‍ നല്‍കിയിട്ടുണ്ട്.

പ്രദര്‍ശനോദ്ഘാടന ചടങ്ങില്‍ മേയര്‍ കെ. ശ്രീകുമാര്‍, നവകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, ലൈഫ് സി. ഇ. ഒ യു. വി. ജോസ്, മുഖ്യമന്ത്രിയുടെ വികസനോപദേഷ്ടാവ് രഞ്ജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.