ഭാരത സെന്‍സസ് 2021: സമയബന്ധിതമായി പൂര്‍ത്തിയാക്കും ജില്ലാ കളക്ടര്‍

post

ഇടുക്കി : ജില്ലയിലെ സെന്‍സസ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. സെന്‍സസ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടു ദിവസത്തെ പരിശീലന പരിപാടി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍സസ് നടപടികള്‍ വിജയകരമായി പൂര്‍ത്തികരിക്കാന്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. പരിപാടിയില്‍ എഡിഎം ആന്റണി സ്‌കറിയ അധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള എട്ടാമത്തെ സെന്‍സസാണിത്. പേപ്പര്‍ഷെഡ്യൂള്‍ വഴിയാണ് സാധാരണ സെന്‍സസ് നടത്തി വന്നിരുന്നത് എന്നാല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തവണ  മൊബൈല്‍ ആപ്പ് വഴി വിവരശേഖരണം നടത്തുന്നത്. എച്ച്എല്‍ഒ എന്ന മൊബൈല്‍ ആപ്പാണ് ഇതിനായി നിര്‍മിച്ചത്.  ജോലിഭാരം കുറയ്ക്കുന്നതിനും ഡാറ്റാ പ്രോസ്സസ്സ് ചെയ്യുന്നതിനും ഫലങ്ങള്‍ യഥാസമയം പ്രസിദ്ധീകരിക്കുന്നതിനുമുള്ള സമയലാഭവും  മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കും. മെയ് 1 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലാണ് വീടുകളിലൂടെ സെന്‍സസ് എടുക്കുക.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഒന്നാം ഘട്ട പരിശീലന പരിപാടിയില്‍ സെന്‍സസ് ചുമതലയുള്ള തഹസീല്‍ദാര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, സെക്ഷന്‍ ക്ലര്‍ക്കുമാര്‍ തുടങ്ങി 41 ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സെന്‍സസ് നടപടിക്രമങ്ങള്‍, നിയമവശങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, നഗര ഗ്രാമ പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട രൂപരേഖ തയ്യാറാക്കല്‍, വീടുകളില്‍ നിന്ന് ശേഖരിക്കേണ്ട വിവരങ്ങള്‍, എച്ച്എല്‍ഒ മൊബൈല്‍ ആപ്പ് , സെന്‍സസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, സെന്‍സസിന് ഉപയോഗപ്പെടുത്തുന്ന സോഫ്റ്റ് വെയറുകള്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടിയില്‍ സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി ജോര്‍ജ്ജ്ക്കുട്ടി, അസിസ്റ്റന്റ് ഡയറക്ടര്‍ ജ്ഞാനപ്രകാശ് എന്നിവര്‍ ക്ലാസ്സുകള്‍ എടുക്കും. ഇന്‍വെസ്റ്റിഗേറ്റര്‍ ബിജു ജോര്‍ജ്ജ്, സീനിയര്‍ സൂപ്രണ്ടന്റ് മേരിക്കുട്ടി ജോര്‍ജ്ജ് , വിവിധ വകുപ്പ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു