ആഭ്യന്തര ടൂറിസത്തില്‍ കാസര്‍കോട് നേട്ടമുണ്ടാക്കും

post

കാഞ്ഞങ്ങാട് സാംസ്‌കാരിക കേന്ദ്രമാകും

2022 ല്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ജില്ല വലിയ നേട്ടമുണ്ടാക്കുമെന്നും അതിന്റെ സൂചനയാണ് 2022ജനുവരി മൂതല്‍ മാര്‍ച്ച് വരെയുള്ള കണക്കുകളെന്നും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജില്ല രൂപം കൊണ്ട ശേഷം ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികളെത്തിയത് ഈ മൂന്ന് മാസക്കാലയളവിലാണ്. ഇക്കാലയളവില്‍ 75175 പേരാണ് എത്തിയത്. ഇത് ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റൊക്കോര്‍ഡ് ആണ്. കലാരൂപങ്ങളെ സാംസ്‌കാരിക പോരാട്ടങ്ങളുടെ ഭാഗമായി കാണുന്ന ജനതയാണ് കാഞ്ഞങ്ങാട്ടേത്. അത് പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുകയാണ് ഹൊസ്ദുര്‍ഗ് ഹെറിറ്റേജ് സ്‌ക്വയറിലൂടെ ലക്ഷ്യമിടുന്നത്.

ഇത്തരം ചരിത്രപരമായ പ്രത്യേകതകളെയും അറിവുകളെയും പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുകയാണ് ഡിടിപിസി പോലുള്ള ടൂറിസം സ്ഥാപനങ്ങളുടെ ലക്ഷ്യം. വിനോദസഞ്ചാരമെന്നാല്‍ നല്ല കാഴ്ചകള്‍ മാത്രമല്ല സാംസ്‌കാരിക പ്രത്യേകതകളും ടൂറിസത്തിന്റെ ഭാഗമാണ്. ഇത്തരത്തില്‍ കേരളം മൊത്തം ടൂറിസം കേന്ദ്രങ്ങളാണെന്നും മന്ത്രി പറഞ്ഞു. ബിആര്‍ഡിസി ജില്ലയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ജില്ലയിലെ ടൂറിസം സാധ്യതകളെ വിപണനം ചെയ്തു മുന്നോട്ട് പോകാന്‍ നല്ലനിലയില്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തില്‍ പൊതുപരിപാടികള്‍ക്ക് ഇടമില്ലെന്ന പരാതിക്ക് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ടൗണ്‍ സ്‌ക്വയര്‍ നിര്‍മ്മാണം ആരംഭിച്ചത്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 52 ലക്ഷം രൂപ ചിലവിലാണ് പുതിയോട്ട ടൗണ്‍ഹാളിന് മുന്നില്‍ ടൗണ്‍ സ്‌ക്വയര്‍ ഒരുക്കിട്ടുള്ളത്.

സാംസ്‌കാരിക പരിപാടികള്‍ പൊതു പരിപാടികള്‍ എന്നിവ നടത്താന്‍ കാഞ്ഞങ്ങാടില്‍ ഇടമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഇടപെട്ട് ടൗണ്‍ സ്‌ക്വയര്‍ പദ്ധതി നടപ്പിലാക്കിയത്. ഓപ്പണ്‍ സ്റ്റേജ്, ഇരിപ്പിടങ്ങള്‍, കോഫി കഫേ തുടങ്ങിയ സൗകര്യങ്ങള്‍ ടൗണ്‍ സ്‌ക്വയറില്‍ ഉണ്ട്. കോട്ടച്ചേരിയിലാണ് പൊതുപരിപാടികള്‍ പലതും ഇപ്പോള്‍ നടക്കുന്നത്. ഇനി പരിപാടികള്‍ പൂര്‍ണമായി ഇവിടേക്ക് മാറ്റാന്‍ കഴിയും.