പൊതുമരാമത്ത് മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ സംസ്ഥാനത്ത് ഈ വര്‍ഷം നടപ്പാക്കും

post

പൊതുമരാമത്ത് വകുപ്പ് ഗുണനിലവാര പരിശോധന ജില്ലാ ലാബ് ഉദ്ഘാടനം ചെയ്തു

പൊതുമരാമത്ത് പ്രവൃത്തികള്‍ നടക്കുന്ന ഇടങ്ങളിലെത്തി ഗുണനിലവാരം ഉറപ്പ് വരുത്തുന്ന സഞ്ചരിക്കുന്ന ടെസ്റ്റിംഗ് ലാബുകള്‍ ഈ വര്‍ഷം തന്നെ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം യുവജന വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കാസര്‍കോട് പി.ഡബ്ല്യൂഡി കോംപ്ലക്സില്‍ നിര്‍മ്മിച്ച പൊതുമരാമത്ത് വകുപ്പ് ഗുണനിലവാര പരിശോധന ഉപവിഭാഗവും ജില്ലാ ലാബും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച ഇരുനിലക്കെട്ടിടത്തില്‍ ലാബ്, ട്രെയിനിംഗ് ഹാള്‍, ഓഫീസ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

സംസ്ഥാനത്തെ മൂന്ന് മേഖലകളില്‍ മൂന്ന് ടെസ്റ്റിംഗ് ലാബുകള്‍ ആദ്യം സജജീകരിക്കും. തുടര്‍ന്ന് ഘട്ടം ഘട്ടമായി എല്ലാ ജില്ലകളിലും നടപ്പാക്കും. മൊബൈല്‍ ടെസ്റ്റിംഗ് ലാബ് നിലവില്‍ വരുന്നതോടെ നിര്‍മ്മാണ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരാനാകും. പ്രവൃത്തി സ്ഥലത്ത് തന്നെ പ്രശ്നം കണ്ടെത്തി പരിഹരിക്കാന്‍ സാധിക്കും. പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ പ്രവൃത്തിയുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കാനാകുമെന്നും തെറ്റായ പ്രവണതകള്‍ക്കെതിരെ സന്ധിയില്ലാ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാതല ഗുണനിലവാര പരിശോധനാ ലാബുകള്‍ പ്രവൃത്തികളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. റോഡിനായാലും പാലത്തിനായാലും കെട്ടിടത്തിനായാലും ചെലവഴിക്കപ്പെടേണ്ട തുക പൂര്‍ണമായും ചെലവഴിക്കപ്പെടുന്നുണ്ടോ എന്ന് ഇത്തരം ലാബുകള്‍ സ്ഥാപിക്കുന്നതിലൂടെ കണ്ടെത്താനാവുമെന്നും മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.