വാനിലുയരും കുടുംബശ്രീ പതാകകൾ

post

ജില്ലയിലെ വീടുകളിലും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമായി 87000 ദേശീയ പതാകകൾ ജില്ലയിലൊരുങ്ങുന്നു. ജില്ലയിലെ 20 കുടുംബശ്രീ യൂണിറ്റുകളിലായാണ് പതാക നിർമ്മാണം പുരോഗമിക്കുന്നത്. ഏഴ് വ്യതസ്ത അളുവുകളിലാണ് ഫ്‌ളാഗ് കോഡ് മാനദമണ്ഡ പ്രകാരം 3:2 അനുപാതത്തിൽ പതാക നിർമ്മിക്കുന്നത്. 20 മുതൽ 40 രൂപവരെയാണ് പതാക ഒന്നിന് വില ഈടാക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യമുള്ള പതാകകൾ വിദ്യാലയ അധികൃതരും വിദ്യാർത്ഥികളില്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകകളുടെ എണ്ണം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അറിയിക്കുന്നതിന് അനുസരിച്ച് ജില്ല കുടുംബശ്രീ മിഷൻ പതാകകൾ നൽകും. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർമാർക്കാണ് പതാക നിർമ്മാണത്തിന്റെയും വിതരണത്തിന്റെയും ഏകോപനത്തിന്റെയും ചുമതല. ആവശ്യത്തിന് അനുസരിച്ച് പ്രതിദിനം ഒരാൾ നൂറ് പതാകകൾ വരെ നിർമ്മിക്കുന്ന പ്രവർത്തനങ്ങളാണ് ജില്ലയിൽ മുന്നേറുന്നത്.

നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് കുടുബശ്രീയുടെ നേതൃത്വത്തിൽ തന്നെ പതാക വിതരണം തുടങ്ങും. ആഗസ്റ്റ് പത്തിനകം ജില്ലയ്ക്ക് ആവശ്യമുള്ള പതാകകൾ നിർമ്മിക്കാൻ കഴിയുമെന്നാണ് കുടുംബശ്രീ അധികൃതർ പറയുന്നത്. ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ഹർ ഘർ തിരംഗ് ആഘോഷത്തിന്റെ ഭാഗമാകും.

ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ പതിനായിരക്കണക്കിന് കുടുംബശ്രീ അംഗങ്ങളുടെ വീടുകളിലും ദേശീയ പതാക ഉയർത്തും. ദേശീയ പതാകയ്ക്ക് ആദരം നൽകുന്നതോടൊപ്പം പൗരൻമാർക്ക് ദേശീയ പതാകയോട് വൈകാരിക ബന്ധം വളർത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നൽകുന്നതിനും ലക്ഷ്യമിട്ടാണ് ഹർ ഘർ തിരംഗ് ദേശീയാടിസ്ഥാനത്തിൽ ആചരിക്കുന്നത്.