മന്ത്രിസഭായോഗ തീരുമാനം

post

 മദ്യനയം അംഗീകരിച്ചു 

തിരുവനന്തപുരം: 2020-21 ലെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് ടോഡി ബോര്‍ഡ് നിലവില്‍ വരുന്നതുവരെയോ മൂന്ന് വര്‍ഷം വരെയോ കള്ളുഷാപ്പുകള്‍ വില്‍പ്പന നടത്തുന്നതാണ്. 2019-20 വര്‍ഷത്തെ ലൈസന്‍സികള്‍ക്ക് വില്‍പ്പനയില്‍ മുന്‍ഗണന നല്‍കും. 

തെങ്ങില്‍ നിന്ന് ലഭിക്കുന്ന കള്ളിന്റെ അളവ് ദിനംപ്രതി രണ്ടുലിറ്ററായി ഉയര്‍ത്തി നിശ്ചയിക്കും. കള്ള് ഷാപ്പിന്റെ ആവശ്യത്തിലേക്ക് ചെത്തുന്ന കള്ളിന്റെ അളവ് നിലവില്‍ ദിനംപ്രതി തെങ്ങ് ഒന്നിന് ഒന്നര ലിറ്ററാണ്. ഇത് സംബന്ധിച്ച് പഠനം നടത്തിയ ലളിതാംബിക കമ്മിറ്റി അളവ് വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. 

കള്ളുഷാപ്പുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നത് നിയമവിധേയമാക്കും. നിലവില്‍ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് ദൂരപരിധി ബാധകമാക്കില്ല. ഇത്തരത്തില്‍ നിലവിലുള്ള കള്ളുഷാപ്പുകളെ സംരക്ഷിക്കും. 

മദ്യഷാപ്പുകളുടെയും ബാറുകളുടെയും ലൈസന്‍സ് ഫീസില്‍ മാറ്റം വരുത്തും. ഇതിനുമുമ്പ് 2017-18 ലാണ് ഏതാനും ഇനം ലൈസന്‍സ് ഫീസ് അവസാനമായി വര്‍ധിപ്പിച്ചത്. പുതിയ നയ പ്രകാരം എഫ്.എല്‍. 3 ബാറുകളുടെ ലൈസന്‍സ് ഫീസ് 28 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി വര്‍ധിക്കും. എഫ്.എല്‍. 4എ (ക്ലബ്ബ്) ഫീസ് 15 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാകും. എഫ്.എല്‍. 7 (എയര്‍പോര്‍ട്ട് ലോഞ്ച്) ഫീസ് ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാകും. ഡിസ്റ്റിലറി ആന്റ് വേര്‍ഹൗസ് വിഭാഗത്തില്‍ നിലവിലുള്ള ഫീസ് ഇരട്ടിയാക്കാന്‍ നിര്‍ദേശമുണ്ട്. നാല് ഇനങ്ങളുടെ ഫീസ് രണ്ട് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷം രൂപയാകും. ബ്രുവറി ഫീസും ഇരട്ടിക്കും. 

ക്ലബ്ബുകളുടെ ഭാരവാഹികള്‍ മാറുമ്പോള്‍ ഫീസ് ഈടാക്കുന്നത് ഒഴിവാക്കും. ഇപ്പോള്‍ സംസ്ഥാനത്ത് 42 ക്ലബ്ബുകള്‍ക്ക് എഫ്.എല്‍. 4എ ലൈസന്‍സുണ്ട്. ഭാരവാഹികള്‍ മാറുമ്പോള്‍ നിലവിലെ നിയമപ്രകാരം രണ്ടുലക്ഷം രൂപ ഫീസ് അടയ്ക്കണം. ഈ ഫീസ് നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി വിധിച്ച സാഹചര്യത്തിലാണ് ഫീസ് ഒഴിവാക്കുന്നത്. 

കേരളത്തിന് പുറത്തുള്ള ഡിസ്റ്റിലറികള്‍ കേരളത്തിലെ ഡിസ്റ്റിലറികളില്‍ കരാര്‍ വ്യവസ്ഥയില്‍ മദ്യം ഉല്‍പാദിപ്പിക്കുമ്പോള്‍ ഒരു ഡിസ്റ്റിലറിക്ക് രണ്ട് ലക്ഷം രൂപ നിരക്കില്‍ ഫീസ് ഈടാക്കും. കേരളത്തിലെ ചില ഡിസ്റ്റിലറികളിലും ബ്ലണ്ടിംഗ് യൂണിറ്റുകളിലും സംസ്ഥാനത്തിന് പുറത്തുള്ള ഡിസ്റ്റിലറികള്‍ അവരുടെ മദ്യം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതുമൂലം സംസ്ഥാനത്തിന് ഇറക്കുമതി ഫീസ് നഷ്ടപ്പെടുമെന്ന് അക്കൗണ്ടന്റ് ജനറല്‍ ചൂണ്ടിക്കാണിച്ചിരുന്നു. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിയത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. 

നിയമനം, മാറ്റം

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിന് വ്യവസായ (കാഷ്യൂ) വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കും. 

ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ എന്‍. പത്മകുമാറിന് വ്യവസായ (കയര്‍) വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കും. ഇദ്ദേഹം നിലവിലുള്ള അധിക ചുമതലകള്‍ തുടര്‍ന്നും വഹിക്കും.

മത്സ്യബന്ധന വകുപ്പ് ഡയറക്ടര്‍ എസ്. വെങ്കിടേശപതി കേരള ജല അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും. 

കായിക - യുവജന കാര്യ വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ മാരിടൈം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മാറ്റി നിയമിക്കും. ഇദ്ദേഹം നിലവിലുള്ള മറ്റ് അധിക ചുമതലകള്‍ തുടര്‍ന്നും വഹിക്കും. 

പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുമായ ഡോ. രേണുരാജിന് കായിക - യുവജന കാര്യ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കും. 

ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം നല്‍കും

കൊല്ലം ജില്ലയിലെ വേലംപൊയ്കയില്‍ കുടിവെള്ള സംഭരണി വീടിന് മുകളിലേക്ക് വീണ് ഏഴു വയസ്സുകാരന്‍ മരണപ്പെടുകയും അമ്മയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കുടുംബത്തിന് ചികിത്സാ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3.22 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. വേലംപൊയ്ക ഷിബു ഭവനില്‍ ആഞ്ചലോസിന്റെ മകന്‍ അബി ഗബ്രിയേലാണ് മരണപ്പെട്ടത്. ആഞ്ചലോസിന്റെ ഭാര്യ ബീനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ഒരു ലക്ഷം രൂപ പിരിച്ചെടുത്ത് ഈ കുടുംബത്തിന് സഹായമായി നല്‍കിയിരുന്നു.