ആദ്യഘട്ട അപ്പീല്‍ പരിശോധന പൂര്‍ത്തിയായി, പുതുതായി 46,377പേര്‍ കൂടി ലൈഫ് ഗുണഭോക്തൃ പട്ടികയില്‍

post

ലൈഫ് ഭവനപദ്ധതിയില്‍ ആദ്യഘട്ട അപ്പീല്‍ പരിശോധനയ്ക്ക് ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. പുതിയ പട്ടികയില്‍ 5,60,758 ഗുണഭോക്താക്കള്‍ ഇടം പിടിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ കരട് പട്ടിക വെള്ളിയാഴ്ച മുതല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് life2020.kerala.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തും അപ്പീലിന്റെ സ്ഥിതി അറിയാനാകും. ആദ്യ അപ്പീലിലൂടെ 46,377 പേരാണ് പുതുതായി അര്‍ഹരായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം ഘട്ട അപ്പീല്‍ ഓണ്‍ലൈനായി ജൂലൈ 8 വരെ സമര്‍പ്പിക്കാമെന്നും മന്ത്രി അറിയിച്ചു.

ആദ്യ കരട് പട്ടികയില്‍ 5,14,381 പേരായിരുന്നു ഗുണഭോക്താക്കള്‍. ഇതില്‍ 3,28,041 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 1,86,340 പേര്‍ ഭൂമിയില്ലാത്ത ഭവനരഹിതരുമായിരുന്നു. ആദ്യഘട്ടത്തില്‍ ലഭിച്ച അപ്പീലുകള്‍ പരിശോധിച്ചാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചത്. പുതിയ പട്ടികയില്‍ ആകെയുള്ള 5,60,758 പേരില്‍ 3,63,791 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 1,96,967 പേര്‍ ഭൂമിയില്ലാത്ത ഭവനരഹിതരുമാണ്. ഒന്നാം ഘട്ട അപ്പീലിലൂടെ 35,750 ഭൂമിയുള്ള ഭവനരഹിത ഗുണഭോക്താക്കളും 10,627 ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താക്കളും അധികമായി പട്ടികയില്‍ ഇടം പിടിച്ചു.

ജൂലൈ 1 മുതല്‍ 8 വരെ ലഭിക്കുന്ന രണ്ടാം ഘട്ടം അപ്പീലുകള്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് പരിശോധിക്കുക. ജൂലൈ 20നകം അപ്പീലുകള്‍ തീര്‍പ്പാക്കി, പുതുക്കിയ പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും. പട്ടികയ്ക്ക് വാര്‍ഡ്/ഗ്രാമ സഭ, പഞ്ചായത്ത്/നഗരസഭാ ഭരണസമിതി അംഗീകാരം നല്‍കുന്ന ഘട്ടമാണ് അടുത്തത്. ആഗസ്റ്റ് 16നാണ് അന്തിമ പട്ടിക പ്രസിദ്ധികരിക്കുന്നത്. അര്‍ഹരായ ഒരാള്‍ പോലും ഒഴിവായിട്ടില്ലെന്നും അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കാന്‍ ഈ അവസരങ്ങള്‍ ഉപയോഗിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. അടച്ചുറപ്പുള്ള വീട് എല്ലാവര്‍ക്കും ഉറപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു കുതിക്കുകയാണ്. സമയബന്ധിതമായി അപ്പീലുകള്‍ തീര്‍പ്പാക്കി പട്ടിക തയ്യാറാക്കിയ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.