തീരമൈത്രി: മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് സംരംഭകത്വ പദ്ധതി

post

മത്സ്യത്തൊഴിലാളി വനിതകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍) സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയാണ് തീരമൈത്രി. 2010ല്‍ മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് ജീവനോപാധി പദ്ധതിയെന്ന നിലയിലാണ് തീരമൈത്രി ആവിഷ്‌കരിച്ചത്. ഒന്‍പത് തീരദേശ ജില്ലകളിലും കോട്ടയം ജില്ലയിലും 12 വര്‍ഷമായി വിജയകരമായി നടന്നുവരുന്ന പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളി വനിത പ്രവര്‍ത്തകഗ്രൂപ്പുകള്‍ക്ക് സൂക്ഷ്മ സംരംഭം ആരംഭിക്കാനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാുമുള്ള സാമ്പത്തിക സാങ്കേതിക പരിപാലന സഹായങ്ങള്‍ സാഫ് മുഖേന നല്‍കിവരുന്നു.

തീരദേശത്തെ 5000 വനിതകള്‍ ഇന്ന് തീരമൈത്രി പദ്ധതിയിലൂടെ വരുമാനം കണ്ടെത്തുന്നു. സൂക്ഷ്മ സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമുള്ള സംരംഭകത്വ പരിശീലനം, പദ്ധതി വൈദഗ്ധ്യ പരിശീലനം, സാമ്പത്തിക സഹായം, മാര്‍ക്കറ്റിംഗ്, വായ്പ സൗകര്യങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. സുസ്ഥിരത ഉറപ്പാക്കാന്‍ തീരമൈത്രി മാനേജ്‌മെന്റ് കൗണ്‍സില്‍, കാറ്റഗറി ഫെഡറേഷനുകള്‍, അപ്പെക്‌സ് ഫെഡറേഷനുകള്‍ എന്നിവ രൂപീകരിച്ചിട്ടുണ്ട്.

തീരമൈത്രി പദ്ധതിയിലൂടെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ക്ക് പ്രവര്‍ത്തന മൂലധനം വര്‍ദ്ധിപ്പിക്കാനായി പലിശ രഹിത വര്‍ക്കിംഗ് ക്യാപിറ്റല്‍ റിവോള്‍വിംഗ് ഫണ്ട് സഹായം നല്‍കുന്നു. ഗ്രൂപ്പുകളുടെ തിരിച്ചടവിന്റെ ശേഷിയും ശരാശരി വിറ്റുവരവും കണക്കിലെടുത്ത് ഗ്രൂപ്പുകള്‍ക്ക് 25000 രൂപ മുതല്‍ 75000 രൂപ വരെയും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയും 20 തവണകളായി തിരിച്ചടവ് കണക്കാക്കി പലിശരഹിത വായ്പയായി നല്‍കും. പഞ്ചായത്തുകളില്‍ രൂപീകരിച്ച തീരമൈത്രി മാനേജ്‌മെന്റ് കൗണ്‍സിലുകള്‍ മുഖേനയാണ് യൂണിറ്റുകളുടെ തിരിച്ചടവ് ഉറപ്പാക്കുന്നത്.

തീരമൈത്രി പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ക്ക് അവരുടെ സാങ്കേതികവിദ്യാ നവീകരണത്തിനും തേയ്മാനം സംഭവിച്ച യന്ത്രഭാഗങ്ങള്‍ മാറ്റിസ്ഥാപിക്കാനും പുതിയവ ചേര്‍ക്കാനും ധനസഹായം നല്‍കുന്നുണ്ട്. സാങ്കേതിക നവീകരണ പദ്ധതി എന്ന സ്‌കീമിന് കീഴിലാണ് ഈ ധനസഹായം. ഒരു ഗ്രൂപ്പിന് പരമാവധി 50,000 രൂപ വരെ തിരിച്ചടവില്ലാത്ത ഗ്രാന്റായി നല്‍കും.

ആക്ടിവിറ്റി ഗ്രൂപ്പുകളെ ബിസിനസ് ഗ്രൂപ്പുകളായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഗ്രൂപ്പുകള്‍ക്ക് ബാങ്കില്‍ നിന്നും 5 ലക്ഷം രൂപ വരെ ലോണ്‍ ലഭ്യമാകാന്‍ സാഹചര്യമൊരുക്കുന്നു. ഇങ്ങനെ ലോണായി വാങ്ങുന്ന തുകയ്ക്ക് അഞ്ച് ശതമാനം നിരക്കില്‍ പലിശ സബ്‌സിഡി നല്‍കും.

മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുംമുമ്പ് അവരെ പ്രാപ്തരാക്കാന്‍ വിവിധ കപ്പാസിറ്റി ബില്‍ഡിംഗ് ട്രെയിനിംഗ് പ്രോഗ്രാമുകള്‍ സാഫ് സംഘടിപ്പിക്കുന്നു. അച്ചീവ്‌മെന്റ് മോട്ടിവേഷന്‍ ട്രെയിനിംഗ്, മാനേജ്‌മെന്റ് ട്രെയിനിംഗ്, ബുക്ക്കീപ്പിംഗ് ആന്‍ഡ് അക്കൗണ്ടിംഗ് ട്രെയിനിംഗ് തുടങ്ങിയവ ഇതില്‍പ്പെടുന്നു. സംരംഭം നല്ല രീതിയില്‍ മുന്നോട്ടുകൊണ്ട് പോകാന്‍ സ്‌കില്‍ ട്രെയിനിങ്ങുകള്‍ നല്‍കും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്‌കില്‍ അപ്‌ഗ്രെഡേഷന്‍ ട്രെയിനിങ്ങുകള്‍ ആവശ്യമുള്ള ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നു.

യൂണിറ്റുകളുടെ ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്താനും വിറ്റഴിക്കാനും മേളകളിലും എക്‌സിബിഷനുകളിലും യൂണിറ്റുകളെ പങ്കെടുപ്പിക്കുകയും സാഫ് വഴി മേളകള്‍ നടത്തുകയും ചെയ്യുന്നു.

സാഫ് ആക്ടിവിറ്റി ഗ്രൂപ്പുകളുടെ സുസ്ഥിര നിലനില്‍പ്പിനായി പ്രവര്‍ത്തിക്കുന്ന അപ്പെക്‌സ് ഫെഡറേഷനു കീഴില്‍ ടെയ്‌ലറിംഗ് ആന്റ് ഗാര്‍മെന്റ്‌സ്, ഫിഷ് ആന്‍ഡ് ഫിഷ് പ്രോസസിംഗ്, ഫുഡ് ആന്‍ഡ് ഫുഡ് പ്രോസസിംഗ്, സൂപ്പര്‍മാര്‍ക്കറ്റ് ആന്‍ഡ് റീട്ടെയില്‍ സ്റ്റോറുകള്‍, സര്‍വീസ് ആന്‍ഡ് അദേഴ്‌സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളില്‍ ഫെഡറേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ കാറ്റഗറി ഫെഡറേഷനുകളുടെയും വികസനത്തിനായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഇതില്‍ ഗാര്‍മെന്റ്‌സ് കാറ്റഗറി ഫെഡറേഷനു കീഴിലാണ് ഏറ്റവും കൂടുതല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 450 ഓളം ഗ്രൂപ്പുകള്‍ അംഗങ്ങളായിട്ടുണ്ട്.

കോവിഡ് 19 പശ്ചാത്തലത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തീരമൈത്രി യൂണിറ്റുകള്‍ക്ക് 3 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 2 മുതല്‍ 5 വരെ അംഗങ്ങളുള്ള തീരമൈത്രി യൂണിറ്റുകള്‍ക്ക് ഒരംഗത്തിനു 50000 രൂപ എന്ന കണക്കില്‍ 2 ലക്ഷം രൂപ വരെ ലോണ്‍ നല്‍കി. 498 തീരമൈത്രി യൂണിറ്റുകള്‍ക്കായി 6.64 കോടി രൂപ കേരള ബാങ്കില്‍ നിന്നും ദീര്‍ഘകാല വായ്പ അനുവദിച്ചിട്ടുണ്ട്. 1600 ഓളം ചെറുകിട സംരംഭങ്ങള്‍ പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്നു.