പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം: ജില്ലാ കളക്ടര്‍

post

ജില്ലയില്‍ കൊതുകു ജന്യ, ജല ജന്യ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് നിര്‍ദേശം നല്‍കി. ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് ബി, ഡയറിയ(അതിസാരം) തുടങ്ങിയ രോഗങ്ങള്‍ മൂലം ചികിത്സ തേടുന്നവരുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും ഫലപ്രദമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ഡ്രൈ ഡേ കര്‍ശനമായി ആചരിക്കണം. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ചയും സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ ശനിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും നടത്തുന്ന ഡ്രൈ ഡേ ഊര്‍ജിതമാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.


വീടുകളില്‍ ഡ്രൈ ഡേ ആചരണവുമായി ബന്ധപ്പെട്ടു കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ കൊതുകുകളുടെ ഉറവിട നശീകരണം നടത്തും. വാര്‍ഡ് തലത്തില്‍ സാനിറ്റൈസഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. കൊതുകു വളരുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ഫോഗിങ്ങ് ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.


ഡെങ്കി ഉള്‍പ്പെടെയുള്ളവയുടെ രോഗ നിരക്ക് കുറയുന്നത് വരെ രണ്ടാഴ്ചയിലൊരിക്കല്‍ വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരുവാനും യോഗത്തില്‍ തീരുമാനിച്ചു.


ജലജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താത്കാലിക ഭക്ഷണ ശാലകളിലും തട്ടുകടകളിലും പരിശോധന കര്‍ശനമാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഡെങ്കിപ്പനി ബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ രോഗ നിയന്ത്രണം ഉറപ്പാക്കുന്നതിനായി കൂടുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. പനി ബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളിലെ ആശുപത്രികളില്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കും.


എറണാകുളം ജില്ലയില്‍ ഈ വര്‍ഷം ഇതു വരെ 1833 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 10 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 191 പേര്‍ക്ക് എലിപ്പനിയും 203 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും 50 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സിയും സ്ഥിരീകരിച്ചു. 14 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.


കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലും തൃക്കാക്കര, കളമശ്ശേരി, ആലുവ മുന്‍സിപ്പാലിറ്റികളിലുമാണ് ഡെങ്കിപ്പനിയും എലിപ്പനിയും ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലയില്‍ അകെ റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളില്‍ 43 ശതമാനവും കോര്‍പ്പറേഷന്‍ പരിധിയിലാണ്. മണിപ്ലാന്റ് പോലുള്ള ഇന്‍ഡോര്‍ സസ്യങ്ങളുടെ പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡെങ്കിപ്പനിക്ക് കാരണമായ കൊതുകുകളുടെ പ്രധാന വളര്‍ച്ച കേന്ദ്രമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്.


കര്‍ഷകര്‍ക്കിടയിലും ക്ഷീര കര്‍ഷകര്‍ക്കിടയിലും എലിപ്പനി കൂടുതലായി പടരുന്നതായാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഴി തൊഴിലുറപ്പ് തൊഴിലാളികളില്‍ എലിപ്പനി വ്യാപിക്കുന്നത് ഫലപ്രദമായി തടയാന്‍ സാധിച്ചിട്ടുണ്ട്.


ഓണ്‍ലൈന്‍ ആയി നടന്ന യോഗത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. വി ജയശ്രീ, ദേശീയ ആരോഗ്യ മിഷന്‍ ജില്ല പ്രോജക്ട് ഓഫീസര്‍ ഡോ.സജിത്ത് ബാബു, ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ ശ്രീദേവി, കോവിഡിതര രോഗങ്ങളുടെ ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.വിനോദ് പൗലോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.