മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം: നിയമസഭാ സമിതി യോഗം ചേര്‍ന്നു

post

കോഴിക്കോട്: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമിതി ചര്‍ച്ച ചെയ്തു. തദ്ദേശ സ്വയംഭരണം, റവന്യൂ, ആരോഗ്യ കുടുംബക്ഷേമം, സാമൂഹ്യനീതി, ആയുഷ്, ആഭ്യന്തരം വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി വിവിധ ക്ഷേമ പദ്ധതികള്‍ ചര്‍ച്ച ചെയ്യും. ജില്ലയില്‍നിന്ന് സമിതിക്ക് ലഭിച്ച വിവിധ പരാതികളില്‍ ഉദ്യോഗസ്ഥരില്‍നിന്നും തെളിവെടുപ്പ് നടത്തി. മുതിര്‍ന്ന പൗരന്മാരില്‍നിന്നും നേരിട്ട് പരാതികള്‍ സ്വീകരിച്ചു.


ബസുകളില്‍ വയോജനങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകള്‍ മലയാളത്തില്‍ രേഖപ്പെടുത്തണമെന്നും സീറ്റുകള്‍ മുതിര്‍ന്നവര്‍ക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട പരാതിയില്‍ നടപടി സ്വീകരിക്കാന്‍ ജില്ലാകലക്ടറോട് സമിതി ആവശ്യപ്പെട്ടു. അടുത്ത റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലാ ആശുപത്രി സന്ദര്‍ശിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ സമിതി വിലയിരുത്തി. പുതിയ ജെറിയാട്രിക് വാര്‍ഡിലെ സൗകര്യങ്ങളും സമിതി നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി.


സമിതി അധ്യക്ഷന്‍ കെ.പി മോഹനന്‍, എം.എല്‍.എമാരായ സമിതി അംഗങ്ങള്‍ പി.അബ്ദുള്‍ ഹമീദ്, ജോബ് മൈക്കിള്‍, കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, വാഴൂര്‍ സോമന്‍, ടി.ജെ വിനോദ്, മുഖ്യാതിഥിയായി തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍എ, ജില്ലാകലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, സബ്കലക്ടര്‍ വി.ചെല്‍സാസിനി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.