ക്ലീൻ കൂടോത്തുമ്മൽ ക്യാമ്പയിൻ; ടൗൺ പരിപാലനത്തിന് കർമ്മ സമിതിയായി

post


ഹരിത കേരളം മിഷന്റെയും ദർശന ലൈബ്രറിയുടെയും നേതൃത്വത്തിൽ നടത്തിവരുന്ന ക്ലീൻ കൂടോത്തുമ്മൽ ക്യാമ്പയിനിന്റെ മൂന്നാം ഘട്ടത്തിൽ കടകളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കലും കർമ്മസമിതി രൂപീകരണവും കൂടോത്തുമ്മൽ ടൗണിൽ നടന്നു.

ക്യാമ്പയിനിന്റെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കമല രാമൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ എ.വി സുജേഷ്കുമാർ അധ്യക്ഷത വഹിച്ചു.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നജീബ് കരണി കർമസമിതി അംഗങ്ങൾക്കുള്ള ടാഗ് വിതരണം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സുമ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.

ക്യാമ്പയിനിന്റെ ഭാഗമായി ക്ലബ്, ലൈബ്രറി ഭാരവാഹികൾ, ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തികൊണ്ട് 30 അംഗ കർമസമിതി രൂപീകരിച്ചു. കർമസമിതി അംഗങ്ങൾ 4 ടീമുകളായി തിരിഞ്ഞ് ഓരോ ആഴ്ചയിലും ഒരു ടീമിന്റെ നേതൃത്വത്തിൽ തുടർ ശുചീകരണം നടത്തും. കടകളുടെ മുമ്പിൽ വൃത്തിയുള്ള പ്ലാസ്റ്റിക്, വൃത്തിയുള്ള പേപ്പർ എന്നിവ നിക്ഷേപിക്കുന്നതിനായി ബിന്നുകൾ സ്ഥാപിക്കുകയും കടകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.