കാല്‍ നൂറ്റാണ്ടിന്റെ കരുത്തുമായി കുടുംബശ്രീ സ്വയംപര്യാപ്തതയുടെ 25 വര്‍ഷങ്ങള്‍

post

 സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന മേഖലയില്‍ മാതൃകയായ കുടുംബശ്രീ എന്ന മഹാ കൂട്ടായ്മയ്ക്ക് 25 വര്‍ഷം പൂര്‍ത്തിയാവുകയാണ്. സ്ത്രീകളെ ശാക്തീകരിച്ച് സമൂഹത്തിന്റെ ഉന്നതിയിലേക്കെത്തിക്കാനും സ്വയംപര്യാപ്തമായ ജീവിതം നയിക്കാനും കുടുംബശ്രീ എന്ന പ്രസ്ഥാനം സ്്ത്രീകള്‍ക്കിടയിലുണ്ടാക്കിയ ഇടപെടല്‍ ചെറുതല്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ സമസ്ത മേഖലകളിലും കുടുംബശ്രീക്ക് സ്വാധീനമുറപ്പിക്കാനായി. കേരളത്തിന്റെ വടക്കന്‍ മണ്ണില്‍ തുളുനാടായ കാസര്‍കോട് ജില്ലയിലും കുടുംബശ്രീ അഭിമാനകരമായ വളര്‍ച്ചയാണ് കഴിഞ്ഞ 25 വര്‍ഷം കൊണ്ട് നേടിയത്.

ജില്ലയില്‍ നിലവില്‍ 11223 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലായി 1,75,552 പേര്‍ അംഗങ്ങളാണ്. കാഞ്ഞങ്ങാട് നഗരസഭയിലെ ജില്ലയിലെ ഏക ട്രാന്‍സ്ജേന്‍ഡേഴ്സ് കുടുംബശ്രീ യൂണിറ്റായ സംഗമ യൂണിറ്റും ഇതില്‍ ഉള്‍പ്പെടും. കുടുംബശ്രീ മിഷന്‍ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഓരോരുത്തരും സജീവമാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ജില്ലയ്ക്ക് വേണ്ടി മാത്രം നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പിലാക്കിയത്. ഏറ്റവും ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഭക്്ഷ്യമേളയിലും ഉല്‍പ്പന്നങ്ങള്‍ വിറ്റും നേടിയത് 17.5 ലക്ഷം രൂപയാണ്.

കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ ജില്ലയിലെ സ്ത്രീകളുടെ സ്വയംപര്യാപ്തത വര്‍ധിപ്പിക്കാനും സ്ത്രീ ശാക്തീകരണം ഊട്ടിയുറപ്പിക്കാനും വലിയ രീതിയിലാണ് സഹായകരമായത്.

ഹോമര്‍- ഹോം ഡെലിവറി

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ നിന്നും വൈറസ് തടയുന്നതിനും പകര്‍ച്ചയുടെ കണ്ണി മുറിക്കുന്നതിനുമായി ഫലപ്രദമായ ഇടപെടലുകളാണ് കുടുംബശ്രീ ജില്ലാമിഷന്‍ നടത്തിയത്. ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ആവശ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വീടുകളില്‍ എത്തിച്ചു നല്‍കുവാനായി കാസര്‍കോട് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് 'ഹോമര്‍ '. (വാതില്‍പ്പടി സേവനം കുടുംബശ്രീയിലൂടെ). വാതില്‍പ്പടി സേവന പദ്ധതിയിലൂടെ ലോക്ക് ഡൌണ്‍ മൂലമുണ്ടാകുന്ന അടച്ചിടലിന്റെയും മറ്റും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവികുന്ന കുടുംബശ്രീ ചെറുകിട സംരഭകരുടെ ഉത്പന്നങ്ങളും വിറ്റഴികുവാനുള്ള ഒരു നൂതന അവസരം കൂടിയായിരുന്നു ഇത്. തുടക്കത്തില്‍ മംഗല്‍പ്പാടി, കാസര്‍കോട് ,കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ എന്നീ സ്ഥലങ്ങളില്‍ ആണ് ഹോമര്‍- കുടുംബശ്രീ വാതില്‍പ്പടി സേവനം ആരംഭിച്ചത്. വാട്ട്സ് ആപ്പ് മുഖാന്തരം ഓര്‍ഡറുകള്‍ സ്വീകരിച്ചു.ഓര്‍ഡര്‍ ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ സാധനം വീട്ടിലെത്തും. പദ്ധതി ആരംഭിച്ചു ഒരു മാസത്തിനുള്ളില്‍ 1.5 ലക്ഷം രൂപയുടെ വിറ്റുവരവാണു കുടുംബശ്രീ നേടിയെടുത്തത്.

നേര്‍വഴി

കാസര്‍കോട് ജില്ലാ ജയില്‍ അന്തേവാസികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് കുടുംബശ്രീ ജില്ലാ മിഷന്‍ നേര്‍വഴി എന്ന പദ്ധതി ആരംഭിച്ചത്. ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ കഴിയുന്നവര്‍ക്ക് ജയിലില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സിലിങ്, ബോധവല്‍ക്കരണം, നിയമസഹായം, തൊഴില്‍പരിശീലനം എന്നിവ നല്‍കുന്ന 'നേര്‍വഴി' ജില്ലാ കുടുംബശ്രീ മിഷന്റെ ജന്‍ഡര്‍ പദ്ധതിയുടെ ഭാഗമായുള്ള 'സ്നേഹിത' മുഖേനയാണ് നടപ്പാക്കുന്നത്. പദ്ധതി ആദ്യം നടപ്പാക്കാനായി സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചതും നമമ്മുടെ ജില്ലയിലാണെന്നത് ഏറെ അഭിമാനകരമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി പദ്ധതി വിജയകരമായി മുന്നോട്ട് പോവുകയാണ്. മാസത്തില്‍ രണ്ട് തവണയാണ് കൗണ്‍സിലിംഗ് ല്ഭ്യമാക്കുന്നത്.

മൂണ്‍ ലൈറ്റ് ഐടി യൂണിറ്റ്

നാല് ലക്ഷം രൂപ മൂലധനത്തില്‍ നീലേശ്വരത്ത് അഞ്ച് കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് തുടങ്ങിയ മൂണ്‍ ലൈറ്റ് ഐ ടി യൂണിറ്റ് അഭിമാനകരമായ നേട്ടമാണ്.


ബാലസഭ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്ക

ലാരംഗത്തും കുടുംബശ്രീ ജില്ലാ മിഷന്‍ പദ്ധതികള്‍ ഒരുക്കി. ഗ്രാമീണ മേഖലയിലെ കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനാണ് ബാലസഭ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്‍, ചെറുവത്തുര്‍ ഗ്രാമപഞ്ചായത്ത്, ചെറുവത്തൂര്‍ സിഡിഎസ് എന്നിവ സംയുത്മായാണ് പദ്ധതി മുന്നോട് വെച്ചത്. ബാലസഭ പദ്ധതിക്കു കീഴില്‍ കലാമേഖലയിലെ സംസ്ഥാനത്തെ ആദ്യ സംരംഭമാണ് ഇത്.

ഡേ കെയര്‍ സെന്റര്‍

നീലേശ്വരം നഗരസഭയില്‍ കുടുംബശ്രീയുടെ മറ്റൊരു ചുവടുവെപ്പായിരുന്നു ഡെ കെയര്‍ സെന്റര്‍. 2018ല്‍ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഷീ ഇംഗ്ലീഷ്

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നല്‍കാനായി 2018ല്‍ നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ആരംഭിച്ച പദ്ധതിയാണ് ഷീ ഇംഗ്ലീഷ്.

   സ്നേഹിത കോളിംഗ് ബെല്‍


സമൂഹത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന മുതിര്‍ന്ന പൗരന്‍മാരെ കണ്ടെത്തി അവരെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ജില്ലാ മിഷന്‍ 2018-19 ല്‍ സ്നേഹിത കോളിംഗ് ബെല്‍ എന്ന പദ്ധതി നടപ്പാക്കിയത്. ഒറ്റപ്പെട്ട് കഴിയുന്നവരുടെ തൊട്ടടുത്തുള്ള കുടുംബശ്രീ യൂണിറ്റുമായി ചേര്‍ന്ന് ആവശ്യമായ സഹായങ്ങള്‍ പദ്ധതിയിലൂടെ നല്‍കും. കുടുംബശ്രീ നടത്തിയ സര്‍വേയില്‍ 3769 പേരെയാണ് ജില്ലയില്‍ ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്തിയത് . കൃത്യമായ ഇടവേളകളില്‍ ഇവര്‍ക്ക് സഹായം നല്‍കി വരികയാണ്.

കൂട്ടുകാരി

പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികളുടെ കഴിവും ആത്മവിശ്വാസവും പ്രതിരോധവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കുചുംബശ്രീ ജി്ല്ലാ മിഷന്‍ കൂട്ടുകാരി എന്ന പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയത്. ഒപ്പം നിയമബോധവല്‍കരണവും പദ്ധതിയിലൂടെ നല്‍കി.