ഓണാട്ടുകരയുടെ എള്ള് പെരുമ നിലനിര്‍ത്താന്‍ താമരക്കുളം ഗ്രാമപഞ്ചായത്ത്

post

ആലപ്പുഴ :ഓണാട്ടുകരയുടെ എള്ള് കൃഷി പാരമ്പര്യം നിലനിര്‍ത്താന്‍ കര്‍ഷക കൂട്ടായ്മയിലൂടെ ഒരുങ്ങുകയാണ് താമരക്കുളം പഞ്ചായത്ത്.  ഒരുകാലത്ത് എള്ള് കൃഷിയുടെ പ്രധാന കേന്ദ്രമായിരിന്നു ഓണാട്ടുകര പ്രദേശം.  പിന്നീട് എള്ള് കൃഷി ഏറെ ദുര്‍ബ്ബലമായി. പഴയ പ്രൗഢി തിരിച്ചുപിടിക്കാനുള്ള യത്‌നത്തിലാണിപ്പോള്‍ ഓണാട്ടുകരയിലെ പ്രധാന എള്ള് ഉത്പാദന കേന്ദ്രങ്ങളിലൊന്നായ താമരക്കുളം.

ഈ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ 12 വര്‍ഷങ്ങള്‍ക്കു മുമ്പ് എള്ള് കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതാണ്. ഇന്ന് പഞ്ചായത്തിന്റെയും, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും സഹായ സഹകരണത്തോടെ താമരക്കുളത്തെ പാടശേഖരങ്ങള്‍ എള്ള് കൃഷിക്കായി തയ്യാറായിക്കഴിഞ്ഞു. പഞ്ചായത്തിലാകെ 23 ഏക്കര്‍ പാടശേഖരത്തില്‍ വിത്ത് വിതച്ചിട്ടുണ്ട്. തെങ്ങിനാല്‍ വയല്‍ നെല്ലുത്പാദക സമതിയുടെ നേതൃത്വത്തില്‍ 13 ഏക്കറിലും, കണ്ണനാംകുഴി ആര്യ നെല്ലുത്പാദന സമതിയുടെ നേതൃത്വത്തില്‍ 10 ഏക്കറിലുമാണ് കൃഷി ഇറക്കിയിരിക്കുന്നത്.

ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹെക്ടറിന് 7000 രൂപ വീതവും, കൃഷി വകുപ്പ് ഹെക്ടറിന് 5000 രൂപ വീതവും കര്‍ഷകര്‍ക്ക് നല്‍കുന്നു. താമരക്കുളം പഞ്ചായത്തിലെ അമ്പതോളം കര്‍ഷകരുടെ കൂട്ടായ്മയിലാണ് കൃഷി. ആവശ്യമായ നല്ല ഇനം വിത്തുകള്‍ കൃഷിഭവനില്‍ നിന്നും സൗജന്യമായി നല്‍കി. വളവും സബ്‌സിഡി നിരക്കില്‍ നല്‍കുന്നുണ്ട്.

മകര കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിലാണ് എള്ള് വിതച്ചത്. ഓണാട്ടുകര കാര്‍ഷിക സേവന കേന്ദ്രത്തിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ കൃഷിക്കായി നിലമൊരുക്കി. നെല്ല് കൃഷി ചെയ്യുന്ന പാടശേഖരങ്ങളില്‍ മൂന്നാം വിളയായാണ് ഓണാട്ടുകരയില്‍ എള്ള് കൃഷി ചെയ്യുന്നത്.മൂന്നുമാസം വരെയാണ് എള്ളിന്റെ കാലാവധി. മെയ് മാസത്തോടെ വിളവെടുപ്പ് ആരംഭിക്കും.വിപണയില്‍ ഏറെ മൂല്യമുള്ള നാണ്യവിള കൃഷി ചെയ്യുന്നതോടെ കര്‍ഷകര്‍ക്ക് മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

എള്ള് കൃഷി തിരികെ കൊണ്ട് വരാന്‍ കാര്‍ഷിക ക്ഷേമ കര്‍ഷക വകുപ്പും പഞ്ചായത്തും മുന്നിട്ടിറങ്ങിയപ്പോള്‍ കര്‍ഷകര്‍ക്കത് പുതിയ ആവേശമായെന്നും മികച്ച വിളവാണ് കൃഷിയില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്നും, കൂടുതല്‍ പ്രദേശങ്ങളിലേക്ക് എള്ളുകൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണെന്നു താമരക്കുളം കൃഷിഭവന്‍ കൃഷി ഓഫീസര്‍ അഞ്ജന. എസ് പറഞ്ഞു.