സാഹസിക ടൂറിസത്തിന് കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍

post


സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റഗുലേഷന്‍സ് മന്ത്രി പ്രകാശനം ചെയ്തു

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തിനും തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രമായ സുരക്ഷാ മാനദണ്ഡങ്ങള്‍ തയ്യാറായി. സാഹസിക ടൂറിസം സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി റഗുലേഷന്‍സ് മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. ഈ മാനദണ്ഡം മാതൃകയാക്കി സാഹസിക ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി രജിസ്‌ട്രേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തി. രജിസ്‌ട്രേഷന്‍ സംവിധാനത്തിന്റെ ലോഞ്ചിംഗും മന്ത്രി നിര്‍വഹിച്ചു. 

പ്രകൃതിഭംഗി ഏറെയുള്ള കേരളത്തില്‍ സാഹസിക ടൂറിസത്തിന് ഏറെ സാധ്യതകളാണുള്ളതെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വിനോദസഞ്ചാര മേഖലയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. സാഹസിക ടൂറിസത്തിന് സാധ്യതയുള്ള 50 കേന്ദ്രങ്ങളെ തെരഞ്ഞെടുത്ത് അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം കേന്ദ്രങ്ങളാക്കും. ശാസ്താംപാറയില്‍ സാഹസിക ടൂറിസം അക്കാദമി സ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 

കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി കേരളത്തില്‍ നിലവില്‍ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തിയാണ് സെക്യൂരിറ്റി റഗുലേഷന്‍സ് തയ്യാറാക്കിയിരിക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഈ മാനദണ്ഡങ്ങള്‍ പാലിക്കണം. കര, ജല, വ്യോമ മേഖലയിലെ സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കിയ സാഹസിക ടൂറിസം മാര്‍ഗരേഖയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ക്കനുയോജ്യമായ രീതിയിലാണ് റഗുലേഷന്‍സ് തയ്യാറാക്കിയത്. ഇതിലെ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് സാഹസിക ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും ഈ മേഖലയിലെ വിദഗ്ധരുമടങ്ങിയ സമിതിയുടെ നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുക. 

രണ്ട് വര്‍ഷമാണ് രജിസ്‌ട്രേഷന്‍ കാലാവധി. രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതിന് വ്യക്തികളുടെ യോഗ്യത, അനുഭവ ജ്ഞാനം, ഉപകരണങ്ങളുടെ ഗുണനിലവാരം, പ്രഥമ ശുശ്രൂഷയില്‍ ഉണ്ടായിരിക്കേണ്ട അറിവ് എന്നിവ വിലയിരുത്തും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമാണ്. അപകട സാധ്യതയെക്കുറിച്ച് പങ്കെടുക്കുന്നവരെ ബോധവാന്മാരാക്കുന്നതിനുള്ള നടപടികള്‍ എന്നിവ വേണം. ഇതിനായുള്ള പരിശീലന പദ്ധതികള്‍ ടൂറിസം വകുപ്പ് നടപ്പിലാക്കിവരുന്നു.

ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ മുഖ്യപ്രഭാഷണം നടത്തി. ഇക്കോ ടൂറിസം ഡയറക്ടര്‍ ഡി. കെ. വിനോദ്കുമാര്‍, ഇ. എം. നജീബ്, ബേബി മാത്യു, അനീഷ്‌കുമാര്‍ പി. കെ., രവിശങ്കര്‍ കെ. വി., പ്രദീപ്മൂര്‍ത്തി, മനേഷ് ഭാസ്‌കര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.