മലമ്പുഴ ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു

post

പാലക്കാട് : മലമ്പുഴ ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണത്തിന് കരാറായി. 11,61,93,745 രൂപയാണ് കരാര്‍ തുക.  പാലക്കാട് പെര്‍ഫക്ട് എഞ്ചിനീയേഴ്‌സ് ആന്‍ഡ് കോണ്‍ട്രാക്‌റ്റേഴ്‌സാണ് കരാര്‍ എടുത്തിട്ടുള്ളത്. സ്ഥലം ഏറ്റെടുത്ത് 10 ദിവസത്തിനകം നിര്‍മാണം ആരംഭിച്ച് ഒന്നരവര്‍ഷത്തില്‍ പൂര്‍ത്തിയാക്കും. പദ്ധതിയുടെ നിര്‍വഹണം വേഗത്തിലാക്കാന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി എസ് അച്യുതാനന്ദന്‍ തൊഴില്‍വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയതും നപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സഹായകമായി. സര്‍ക്കാരിന്റെ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെ.എ.എസ്.ഇ) എന്ന സ്ഥാപനമാണ് പദ്ധതി നടപ്പാക്കുന്നത്.

മലമ്പുഴ വനിത ഐ.ടി.ഐ.യില്‍ പ്രൊഡക്ഷന്‍ സെന്റര്‍ തുടങ്ങി

ആദ്യഘട്ടത്തില്‍ ചുരിദാര്‍ സെറ്റും എല്‍.ഇ.ഡി ബള്‍ബുകളും

മലമ്പുഴ വനിതാ ഐ.ടി.ഐ.യില്‍ ഇന്‍സ്റ്റിട്ട്യൂട്ട് മാനെജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രൊഡക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇലക്ട്രോണിക്‌സ് മേഖലയില്‍ 'എസ് ലൈറ്റ്' എന്ന പേരില്‍ 9 വാട്ട് എല്‍.ഇ.ഡി ഇന്‍വര്‍ട്ടര്‍ ബള്‍ബും 'നൈപുണ്യം' എന്ന പേരില്‍ മള്‍ട്ടി ഡിസൈന്‍ ഹാന്‍ഡ് എംബ്രോയിഡറി ചുരിദാര്‍ സെറ്റും ഉല്‍പ്പാദിപ്പിച്ച് കുറഞ്ഞവിലയ്ക്ക് വിപണനം ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് പ്രൊഡക്ഷന്‍ സെന്റര്‍ ആരംഭിച്ചത്.  

വനിതകളുടെ സാങ്കേതിക പഠനരംഗത്ത് മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന മലമ്പുഴ വനിതാ ഐ.ടി.ഐ മുന്നോട്ടുവെയ്ക്കുന്ന നൂതന ആശയമാണ് 'പഠനകേന്ദ്രത്തില്‍ നിന്നൊരു മികച്ച് ഉത്പ്പന്നം'. ട്രെയിനികളുടെ കരവിരുതും ആധുനിക ശാസ്ത്രവും സമന്വയിപ്പിച്ച് നൂതന സാങ്കേതിക വിദ്യയില്‍ രൂപപ്പെടുത്തിയ ഉത്പ്പന്നങ്ങളാണ് വിപണിയില്‍ ഇറക്കുക. എസ് ലൈറ്റിന്റെ വിപണി വില 499 രൂപയാണ്. എന്നാല്‍ സബ്‌സിഡിയോടെ 320 രൂപയ്ക്ക് ഉത്പ്പന്നം സെന്ററില്‍ ലഭ്യമാക്കും. 400 രൂപ മുതല്‍ 850 രൂപ വരെ വിലയുള്ള ചുരിദാര്‍ സെറ്റുകളാണ് ഇവിടെ ഉത്പ്പാദിപ്പിക്കുക. വനിതാ ട്രെയിനികള്‍ നിര്‍മിക്കുന്ന ഉത്പ്പന്നം വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോളെജില്‍ പ്രൊഡക്ഷന്‍ സെന്റര്‍ ആരംഭിച്ചത്.