ബഹുജനപങ്കാളിത്തത്തോടെ കിള്ളിയാര്‍ ശുചീകരിച്ചു

post

തിരുവനന്തപുരം : കിള്ളിയാര്‍ മിഷന്റെ രണ്ടാംഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിള്ളിയാറിന്റെ തീരത്തെ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കിള്ളിയാറിന്റെ ഉദ്ഭവസ്ഥാനമായ കരിഞ്ചാത്തിമൂല മുതല്‍ വഴയിലവരെ 22 കിലോമീറ്ററും ആറിലേക്കു വന്നുചേരുന്ന 31 കൈത്തോടുകളുമാണ് ശുചീകരിച്ചത്. മന്ത്രിമാരും എം.എല്‍.എമാരും പൊതുജനങ്ങളും പങ്കാളികളായി. നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ കാല്ലംപറയില്‍ നടന്ന ശുചീകരണ പരിപാടി ധനമന്ത്രി ഡോ.ടിഎം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ജനകീയതയാണ് കിള്ളിയാര്‍ മിഷന്റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
ആനാട് പഞ്ചായത്തിലെ മൂഴിയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍, ഡി.കെ മുരളി എം.എല്‍.എ എന്നിവര്‍ നേതൃത്വം നല്‍കി. മുപ്പതിനായിരം പേരെ ഒരേ സമയം സംഘടിപ്പിച്ച 'കര കവിയാത്ത കിള്ളിയാര്‍' ശുചീകരണയജ്ഞം വലിയൊരു ജനകീയ മുന്നേറ്റമാണെന്ന് മന്ത്രി പറഞ്ഞു. പുഴകളുടെയും നീരുറവകളുടെയും പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ 20 കോടിയിലധികം രൂപ അനുവദിച്ചതായും ഇതില്‍ 9.5 കോടി രൂപ കിള്ളിയാര്‍ മിഷനു വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നതെന്നും വഴയിലയില്‍ നടന്ന ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സഹകരണടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സി.ദിവാകരന്‍ എം.എല്‍.എ, മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, എന്നിവര്‍ വഴയിലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
അഴിക്കോട് സംഘടിപ്പിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. കിള്ളിയാര്‍ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്നത് അഭിമാനകരമായ പ്രവര്‍ത്തനമാണെന്നും കരകവിയാത്ത കിള്ളിയാര്‍ പോലെയുള്ള ജനകീയ ക്യാമ്പയിനുകളുടെ വിജയം ഇതര ജില്ലകള്‍ക്ക് ഊര്‍ജ്ജം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കരിഞ്ചാതതിമൂലയില്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പഴകുറ്റിയില്‍ നടന്ന ശുചീകരണപ്രവര്‍ത്തനം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, തൊഴിലുറപ്പ്കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, എന്നിവരുള്‍പ്പടെ 30,000 ത്തിലധികം പേര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.