മലമ്പുഴ റിങ് റോഡ് പാലത്തിന് കിഫ്ബിയുടെ അനുമതി

post

പാലക്കാട് : മലമ്പുഴ മണ്ഡലത്തിലെ മൈലാടി പുഴക്ക് കുറുകെ നിര്‍മിക്കുന്ന പാലത്തിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. 980 മീറ്റര്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെയുള്ള പാലം നിര്‍മാണത്തിന്റെ വിശദമായ പദ്ധതിരേഖ ജനുവരി 20ന് ചേര്‍ന്ന കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം അംഗീകരിക്കുകയും പാലം നിര്‍മാണത്തിന് 34. 317 കോടി രൂപ അനുവദിക്കുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് വിഭാഗം ആണ് പാലം നിര്‍മിക്കുക. ഇതിന് ആവശ്യമായ ഭൂമി സ്വകാര്യവ്യക്തികള്‍, ജലസേചന വനം വകുപ്പുകള്‍ എന്നിവയില്‍ നിന്നും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍ .എ.യുമായ വി.എസ് അച്യുതാനന്ദന്റേ നിരന്തരമായ പരിശ്രമം നടപടികള്‍ വേഗത്തിലാക്കാന്‍ സഹായകമായി. പാലം യാഥാര്‍ഥ്യമാകുന്നതോടെ ആനക്കല്‍ പ്രദേശത്തുനിന്നും മലമ്പുഴ ഡാം പ്രദേശത്തേക്ക് എത്താന്‍ 29 കിലോമീറ്റര്‍ ദൂരം കുറയും. ഇതിലൂടെ ഏഴു ഊരുകളിലായുള്ള 1200 ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് നഗരത്തിലേക്ക് സഞ്ചരിക്കാന്‍ ഏഴ് കിലോമീറ്റര്‍ ദൂരം മാത്രമാകും. പാലം മലമ്പുഴ റിങ് റോഡിന്റെ ഭാഗമായതിനാല്‍ വിനോദസഞ്ചാര സാധ്യതയും വര്‍ധിക്കും. മലമ്പുഴ മണ്ഡലത്തിലെ വികസന സ്വപ്നങ്ങളില്‍ സുപ്രധാനമായ ഒരു പദ്ധതി കൂടിയാണ് പാലം നിര്‍മാണത്തിലൂടെ യാഥാര്‍ത്ഥ്യമാകുക.