കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഇനി മൃഗസംരക്ഷണ മേഖലയിലും

post

മലപ്പുറം: കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങളും ബാങ്ക് വായ്പ ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങളും ലഭിക്കുന്നതിന് സഹായകരമായ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഇനി മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കും ലഭിക്കും. കര്‍ഷകര്‍ക്ക് കിസാന്‍ കാര്‍ഡ് ലഭിക്കാത്തത് ബാങ്ക് വായ്പയും മറ്റും അനുവദിച്ച് കിട്ടുന്നതിന് പ്രയാസം നേരിട്ടതിന്റെ പശ്ചാത്തലത്തിലാണിത്. നബാര്‍ഡ്, ജില്ലയിലെ ലീഡിങ് ബാങ്കുകള്‍, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയില്‍ സാമ്പത്തിക സഹായം ലഭിച്ച എല്ലാ കര്‍ഷകര്‍ക്കും  പദ്ധതി  നിബന്ധനകള്‍ക്ക് വിധേയമായി കെ.സി.സി വായ്പയും ലഭിക്കും.

പദ്ധതി പൂര്‍ത്തീകരണത്തിനായി ഓരോ ബാങ്കിനും ടാര്‍ജറ്റ് നല്‍കിയിട്ടുണ്ട്. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ നാല് ശതമാനം പലിശ നിരക്കിലാണ് ലഭ്യമാക്കുക. 1.6 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ഈട് നല്‍കേണ്ടതില്ല. ജില്ലയിലെ വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ എന്നിവ മുഖേന വായ്പ ലഭിക്കും. മൃഗസംരക്ഷണ മേഖലയിലെ എല്ലാ കര്‍ഷകരും ഫെബ്രുവരി 24 കം  അടുത്തുള്ള ബാങ്കുമായി ബന്ധപ്പെട്ട് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് കൈപ്പറ്റണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

വായ്പ എടുക്കാത്ത അര്‍ഹതപ്പെട്ട കര്‍ഷകര്‍ അവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് വായ്പക്കുള്ള അപേക്ഷ സമര്‍പ്പിക്കണം. കര്‍ഷകര്‍ക്ക് വായ്പ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം.