ചേറില്‍ നിന്ന് തെളിമയിലേക്ക്: കുത്തിയതോട് പഞ്ചായത്തിലെ അഞ്ച് തോടുകള്‍ പുനര്‍ജനിക്കുന്നു

post

ആലപ്പുഴ: കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ അഞ്ച് തോടുകള്‍ക്ക് ശാപമോക്ഷമാകുന്നു. പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലൂടെ ഒഴുകുന്ന ദേശത്തോട്, കുറുമ്പില്‍തോട്, ചങ്ങരംതോട്, തോണിത്തോട്, കരയത്തോട് എന്നീ അഞ്ച് തോടുകളാണ് ശുചീകരിക്കുന്നത്. മലിനമായ തോടുകള്‍ കുത്തിയതോട് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ കണ്ടെത്തി കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ആഴംകൂട്ടി വൃത്തിയാക്കാനുള്ള നടപടി സ്വീകരിച്ചതോടെയാണ് തോടുകള്‍ക്ക് പുനര്‍ജന്മമാകുന്നത്. ഡ്രഗ്ജിംഗ് യൂട്ടിലിറ്റി ക്രാഫ്റ്റ് ഉപയോഗിച്ചാണ് തോടുകള്‍ വൃത്തിയാക്കുന്നത്. തോട്ടില്‍ അടിഞ്ഞുകൂടിയ മണ്ണു നീക്കി ആഴം കൂട്ടാന്‍ സാധിക്കും. ആദ്യ ഘട്ടത്തില്‍ ഒരുകിലോമീറ്റര്‍ ദൂരത്തിലാണ് ശുചീകരിക്കുന്നത്. തോട്ടിലെ നീരൊഴുക്ക് നിലച്ചത് പ്രദേശത്തെ പാടശേഖരങ്ങളിലെ കൃഷിയെയും ബാധിച്ചിരുന്നു. കൃഷി നിലച്ചിട്ട് അനേകം വര്‍ഷമായി. തോട് പുനര്‍ജനിക്കുന്നതോടെ കാര്‍ഷിക മേഖല പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. നീരൊഴുക്ക് വര്‍ധിക്കുന്നതോടെ പ്രദേശത്തെ ജല ക്ഷാമത്തിനും പരിഹാരമാകും.
തോട്ടിലെ ചെളി നീക്കം ചെയ്ത് ആഴം കൂട്ടാനായി 12 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം കാലക്രമേണ തോടിന്റെ ഇരുകരകളിലും കയര്‍ഭൂവസ്ത്രം വിരിക്കല്‍, സൗന്ദര്യവത്ക്കരണത്തിനുളള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും പഞ്ചായത്ത് ലക്ഷ്യമിടുന്നു. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം തോടിന്റെ ഇരുകരയിലും കഴിയുന്നവരുടെ ദുരിതത്തിനും ഇതോടെ പരിഹാരം കാണാനാകുമെന്ന് കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പന്‍ പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് മേരി ജോസി, അംഗങ്ങളായ കെ.കെ സജീവന്‍, ഗീത ഷാജി, ധനേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.