കൊറോണ വൈറസ്: ജില്ലയില്‍ ഇതുവരെ 120 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി

post

ലഭിച്ച പരിശോധന ഫലങ്ങളിലൊന്നും വൈറസ് ബാധയില്ലെന്നു സ്ഥിരീകരണം

മലപ്പുറം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ തുടരുന്ന മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 120 പേരെ പ്രത്യേക നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന 28പേരെ വൈറസ്ബാധയില്ലെന്നു സ്ഥിരീകരിച്ചതിനെ തുടര്‍ന്നും വീടുകളില്‍ കഴിഞ്ഞിരുന്ന 92 പേരെ 28 ദിവസത്തെ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലുമാണ് പ്രത്യേക നിരീക്ഷണത്തില്‍നിന്നു മാറ്റിയത്. കൊറോണ വൈറസ്ബാധ ചൈനയില്‍ റിപ്പോര്‍ട്ടു ചെയ്തതുമുതല്‍ 421 പേരെയാണ് ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നത്. ഇതില്‍ 37 പേര്‍ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ വാര്‍ഡുകളിലായിരുന്നു.
301 പേരാണ് നിലവില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതില്‍ ഒമ്പത് പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലും 292 പേര്‍ വീടുകളിലുമാണ്. ഇന്നലെ (ഫെബ്രുവരി 10) ചൈനയില്‍നിന്നടക്കം എത്തിയ മൂന്നു പേര്‍ക്കു പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഒരാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേര്‍ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. വൈറസ്ബാധിത രാജ്യങ്ങളില്‍നിന്നെത്തിയ ആര്‍ക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. രണ്ടുഘട്ട വിദഗ്ധ പരിശോധനക്കയച്ച 22 സാമ്പിളുകളില്‍ ഫലം ലഭിച്ച 20 പേര്‍ക്കും രോഗബാധയില്ലെന്നു ആരോഗ്യവകുപ്പു സ്ഥിരീകരിച്ചു.വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെങ്കിലും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്നു ജില്ലാ
മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന കൊറോണ പ്രതിരോധ മുഖ്യ സമിതിയുടെ പ്രതിദിന അവലോകന യോഗത്തില്‍ അറിയിച്ചു. രോഗബാധിത പ്രദേശങ്ങളില്‍നിന്നെത്തിയവരും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുമായി പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ നിരന്തരമുള്ള ഇടപെടല്‍ കണ്‍ട്രോള്‍ സെല്‍ തുടരുകയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലില്‍നിന്നു ജനുവരി 27 മുതല്‍ 5351 പേര്‍ക്ക് ഫോണ്‍ വഴിയുള്ള സേവനം ലഭ്യമാക്കി. ഇവരുമായുള്ള നിരന്തര ആശയവിനിമയം ആറംഗ വിദഗ്ധ സംഘം തുടരുന്നു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍ അവലോകന യോഗത്തില്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍. പ്രസാദ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ രാജു പ്രഹ്‌ളാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.