ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

post

ഇടുക്കി : ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. തൊടുപുഴ പട്ടയംകവലയില്‍ വെച്ച് തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എല്‍. ജോസഫ് അധ്യക്ഷനായി. തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം സിജി റഷീദ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സാബു ജോസഫ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ എം.എച്ച്. ഇസ്മയില്‍ സ്വാഗതവും ലോറേഞ്ച് ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗമായ റഷീദ് കെ.കെ.ആര്‍ നന്ദിയും പറഞ്ഞു.

സീനിയര്‍ വിഭാഗത്തിലെ ലോറേഞ്ച് തല മത്സരങ്ങളാണ് പട്ടയംകവലയില്‍ നടക്കുന്നത്. സീനിയര്‍ വിഭാഗത്തിലെ ഹൈറേഞ്ച് തല മത്സരങ്ങള്‍ ജനുവരി ആറ്, ഏഴ് തീയതികളില്‍ വാഴത്തോപ്പില്‍ സംഘടിപ്പിക്കും. കാഞ്ഞാറിലെ വിജിലന്റ് ക്ലബ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 28, 29 തീയതികളിലായി മിനി, സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗം മത്സരങ്ങളും 30ന്  യൂത്ത് വിഭാഗം മത്സരങ്ങളും അരങ്ങേറും. എട്ട്, ഒമ്പത് തീയതികളില്‍ കാഞ്ഞാറില്‍ ഇന്റര്‍സോണ്‍ മത്സരം നടത്തും.

ജില്ലയില്‍ മൂന്ന് വേദികളിലായാണ് പുരുഷ, വനിതാ വിഭാഗത്തില്‍ മത്സരങ്ങള്‍ നടക്കുക. മിനി, സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയേഴ്‌സ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ജില്ലയിലെ വിവിധ ക്ലബുകള്‍, സംഘടനകള്‍, സ്‌കൂള്‍, കോളേജ്, ഇതര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഈ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച കളിക്കാരെ സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കും.