വനിതാ കമ്മീഷന്‍ സിറ്റിംഗ് പരിഗണിച്ച 30 പരാതിയില്‍10 കേസുകള്‍ തീര്‍പ്പായി

post

ഇടുക്കി : സംസ്ഥാന വനിതാ കമ്മീഷന്‍ തൊടുപുഴയില്‍ മേഖലാ അടിസ്ഥാനത്തില്‍ സിറ്റിങ് നടത്തി. വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ നേതൃത്വത്തില്‍ തൊടുപുഴ ടൗണ്‍ ഹാളില്‍ നടത്തിയ അദാലത്തില്‍ 30 പരാതികള്‍ പരിഗണിച്ചു. 10 കേസുകള്‍ തീര്‍പ്പാക്കുകയും രണ്ടെണ്ണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ബാക്കി 18 കേസുകള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കുന്നതിനായി മാറ്റി വച്ചു.

കുടുംബ പ്രശ്‌നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, സാമ്പത്തികവുമായി ബന്ധപ്പെട്ട പരാതികള്‍, കുടുംബ ഓഹരി വീതം വക്കുന്നത് സംബന്ധിച്ച പരാതികള്‍, ബാങ്ക് ജപ്തിയുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങി വ്യത്യസ്ഥങ്ങളായ പരാതികളാണ് സിറ്റിങില്‍ പരിഗണിച്ചത്. ഇതില്‍ വനിതാ കമ്മീഷന് ഇടപെടാവുന്ന വിഷയങ്ങളിലെ പരാതികള്‍ പരിഹരിച്ചു. കമ്മീഷന് പരിഹരിക്കാന്‍ പറ്റാത്ത പരാതികളുമായി എത്തിയവരെ വ്യക്തമായ നിയമോപദേശം നല്‍കിയാണ് മടക്കിയത്. ഇതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നതിനായി ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് ശുപാര്‍ശയും നല്‍കിയിട്ടുണ്ടെന്ന് ഷാഹിദാ കമാല്‍ അറിയിച്ചു. പരാതിക്കാര്‍ക്ക് വന്ന് പോകുന്നതിന് സൗകര്യത്തിനായി ജില്ലയെ നാല് മേഖലകളാക്കി തിരിച്ചാണ് വനിതാ കമ്മീഷന്‍ സിറ്റിങ് നടത്തുന്നത്. വനിത കമ്മീഷന്‍ സി്റ്റിംഗ് ഇന്ന് (ഡിസംബര്‍ 14) കുമളിയില്‍ ഉണ്ടായിരിക്കുന്നതാണ്.