കുട്ടനാട്ടില്‍ എക്കല്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍

post

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിവിധ ജലാശയങ്ങളില്‍ അടിഞ്ഞുകൂടിയ എക്കലും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തില്‍. നവംബര്‍ 16ന് മേഖല സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികള്‍ക്ക് തുടക്കം കുറിച്ചത്.

കിടങ്ങറയില്‍ എ.സി. കനാല്‍ തുടങ്ങുന്ന ഭാഗം,  വെളിയനാട് പഞ്ചായത്തിലെ നാല്‍പ്പതാംകളം, പുഞ്ചപ്പിടാരംചിറ, തുരുത്തേല്‍ ചിറ, ആക്കൂത്തറ മേഖലകളിലുമാണ് എക്കല്‍ അടിഞ്ഞതിനെത്തുടര്‍ന്ന് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടത്. ചില മേഖലകളില്‍ ഒഴുക്ക് പൂര്‍ണമായും നിലച്ചിരുന്നു.

എ.സി. കനാല്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ അപ്പര്‍കുട്ടനാട് മേഖലയില്‍ നീരൊഴുക്ക് സുഗമമായി. 

ജലസേചന വകുപ്പ് യന്ത്രസഹായത്തോടെ നീക്കം ചെയ്ത എക്കല്‍ സമീപ മേഖലകളില്‍ പാടശേഖര ബണ്ടുകള്‍ നിര്‍മിക്കാനാണ് ഉപയോഗിക്കുക. കുട്ടനാട് തഹസില്‍ദാര്‍ ടി.ഐ. വിജയസേനന്റെ മേല്‍നോട്ടത്തിലാണ് നടപടികള്‍.