ദുരിതബാധിതമേഖലകളിലെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

post

മന്ത്രി വി.എന്‍. വാസവന്‍ ദുരിതമേഖലകളും ദുരിതാശ്വാസക്യാമ്പുകളും സന്ദര്‍ശിച്ചു

കോട്ടയം: കൂട്ടിക്കലടക്കം ദുരിതബാധിതമേഖലകളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്(ഒക്ടോബര്‍ 22 വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് മുണ്ടക്കയം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ചേരുമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. 

സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജിനും സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ എം.എല്‍.എയ്ക്കുമൊപ്പം കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളില്‍ മഴക്കെടുതിയും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും മൂലം ദുരിതം നേരിട്ട പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകള്‍ നഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്ന പ്രവര്‍ത്തനം നടത്തുകയാണ്. മണ്ണും ചെളിയുമടിഞ്ഞ റോഡുകളില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ എല്ലാ സൗകര്യവും ഒരുക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ സംഘം ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തെന്നും മന്ത്രി പറഞ്ഞു.  

മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന വെള്ളനാടി വള്ളക്കടവ് കാവുംഭാഗം പാലവും കുറുവാമൂഴിയില്‍ നദീതീരത്തിനടുത്ത് പൂര്‍ണമായി നശിച്ച വീടുകളും അഞ്ചിലിപ്പയിലെ അഭയഭവനും കടകളും പ്രളയത്തില്‍ ബലക്ഷയം നേരിട്ട കാഞ്ഞിരപ്പള്ളി-റാന്നി റോഡിലെ കടവനാല്‍കടവ് പാലവും മന്ത്രി സന്ദര്‍ശിച്ചു. പ്രദേശവാസികളുമായും ദുരന്തബാധിതരുമായും സംസാരിച്ചു. 

കുറുവാമൂഴിയിലെ സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സൗകര്യങ്ങള്‍ വിലയിരുത്തി. 31 കുടുംബങ്ങളിലെ 114 പേരാണ് ക്യാമ്പിലുള്ളത്. നഷ്ടപ്പെട്ട രേഖകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. 14 കുടുംബങ്ങളിലെ 49 പേര്‍ കഴിയുന്ന വിഴിക്കത്തോട് ചേനപ്പാടി ആര്‍.വി.ജി. വി.എച്ച്.എസ്. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മന്ത്രി സന്ദര്‍ശിച്ചു. 

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച അംന, അമീന്‍, ഇവരുടെ അമ്മ ഫൗസിയ എന്നിവരുടെ കാഞ്ഞിരപ്പള്ളിയിലെ ചേരിപുറത്ത് വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഫൗസിയയുടെ ഭര്‍ത്താവ് സിയാദുമായി സംസാരിച്ചു. 

പഞ്ചായത്തു പ്രസിഡന്റുമാരായ കെ.ആര്‍. തങ്കപ്പന്‍, തങ്കമ്മ ജോര്‍ജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.എന്‍. രാജേഷ്, ശ്യാമള ഗംഗാധരന്‍, റോസമ്മ തോമസ്, ബി.ആര്‍. അന്‍ഷാദ്, പി.കെ. തുളസി എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുണ്ടക്കയത്ത് ക്യാമ്പ് ചെയ്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി നേതൃത്വം നല്‍കുന്നു.