തകര്‍ന്ന റോഡുകള്‍ ഉടന്‍ നന്നാക്കും; വിനോദ സഞ്ചാരത്തിന് താത്ക്കാലിക നിരോധനം

post

മഴക്കെടുതി ദുരിതാശ്വാസത്തിന് മന്ത്രിമാര്‍ രംഗത്ത്

കൊല്ലം: മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമമായി തുടരുന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവര്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ സാന്നിദ്ധ്യത്തില്‍ കലക്ട്രേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി.

വെളളം കയറി താറുമാറായ റോഡുകള്‍ നന്നാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു. കടല്‍ത്തീരം കേന്ദ്രീകരിച്ച് സുരക്ഷ, പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചു. കിഴക്കന്‍ മേഖലയിലും മറ്റ് ദുരിതബാധിത പ്രദേശങ്ങളിലും ആവശ്യാനുസരണം ക്യാമ്പുകള്‍ തുറക്കുകയാണ്. തെ•ല അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിന് അനുസൃതമായി സാവധാനത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്. ഇതുവഴി നദീതീരത്തും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാകുന്നത് പരമാവധി നിയന്ത്രിക്കാനായി. അച്ചന്‍കോവിലാറിന്റെ കരയില്‍ ഒറ്റപ്പെട്ട 60 കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചു. ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സംവിധാനം ഒരുക്കി.

വിവിധ മേഖലകളിലായി ഇടയ്ക്ക് മുറിഞ്ഞ വൈദ്യുതിബന്ധം തിരികെ നല്‍കുകയാണ്. മേഖലയുമായി ബന്ധപ്പെട്ട് ഒറ്റ ദിവസം ലഭിച്ച 1600 ലേറെ പരാതികളില്‍ 90 ശതമാനവും പരിഹരിച്ചു. ആയൂര്‍-അഞ്ചല്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചെങ്കോട്ട-കൊല്ലം ഹൈവേയില്‍ മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതലെടുത്തു. നിലവിലെ സ്ഥിതി ആശ്വാസകരമാണെന്നും മഴ തുടരുമെന്ന പ്രവചനം മുന്‍നിറുത്തി ദീര്‍ഘ-ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് രണ്ടു ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. സ്ഥിതി മെച്ചപ്പെടുന്നതിന് അനുസൃതമായി വീണ്ടും അനുമതി നല്‍കും. മഴക്കെടുതിയില്‍ കേടുപാട് വന്ന വീടുകളുടെ വിവരം ശേഖരിച്ച് നഷ്ടപരിഹാരം നല്‍കും. വെള്ളക്കെട്ട് സ്ഥിരമാകുന്ന മേഖലകളില്‍ സംരക്ഷണഭിത്തി നിര്‍മിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനമാണ് ജില്ലയൊട്ടാകെ നടപ്പിലാക്കുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. വെള്ളക്കെട്ട് പ്രദേശങ്ങളില്‍ നിന്ന് പരമാവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാനദണ്ഡപാലനം ഉറപ്പാക്കിയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. കോവിഡ് പരിശോധനയും മുടക്കമില്ലാതെ നടത്തുകയാണ്. ആവശ്യത്തിന് മരുന്നും വിദഗ്ധരുടെ സേവനവും ഉറപ്പാക്കി. അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. ജനപ്രതിനിധികളും തദ്ദേശസ്ഥാപന ഭാരവാഹികളും ദുരന്തമേഖലകളില്‍ കൈകോര്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കല്ലട ആറിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരവാസികളെ സുരക്ഷിതരാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതാമേഖലകള്‍ പ്രത്യേക നിരീക്ഷണത്തിലാണ്. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങള്‍ 24 മണിക്കൂര്‍ സേവനസന്നദ്ധരായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് അയച്ച ഏഴു വള്ളങ്ങള്‍ക്ക് പുറമെ 20 എണ്ണം തൊഴിലാളികള്‍ സഹിതം സേവന സന്നദ്ധമായിട്ടുണ്ട്. ആവശ്യാനുസരണം ഇവയെ നിയോഗിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

താലൂക്ക്തലത്തില്‍ ഉണ്ടായ നാശനഷ്ടത്തിന്റെ കണക്ക് തഹസില്‍ദാര്‍മാര്‍ അവതരിപ്പിച്ചു. ലഭ്യമായ മഴയുടെ തോത്, അണക്കെട്ടിലെ ജലനിരപ്പ്, ജലസ്രോതസുകളുടെ നിലവിലെ സ്ഥിതിവിവരം എന്നിവ പരിശോധിച്ചു.

സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണന്‍, എ. ഡി. എം. എന്‍. സാജിതാ ബീഗം, പുനലൂര്‍ ആര്‍. ഡി. ഒ ബി. ശശികുമാര്‍, റൂറല്‍ എസ്. പി. കെ. ബി. രവി, ജില്ലാതല ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.

യോഗത്തിന് ശേഷം ഇരു മന്ത്രിമാരും കോയിക്കല്‍ ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. ക്യാമ്പിലുളളവര്‍ക്ക് ആവശ്യമായ മരുന്നും മറ്റ് സഹായവും കൃത്യതയോടെ നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.